KeralaLatest NewsNews

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറാകണം : എം.എ. ബേബി

നെതന്യാഹുവിന് അധികാര ഭ്രാന്ത്

പലസ്തീനും ഇസ്രയേലും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തിനു ഒറ്റ കാരണം ഇസ്രയേലിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അധികാരാസക്തിയാണെന്ന് സി.പി.എം പിബി അംഗം എം.എ ബേബി അഭിപ്രായപ്പെടുന്നു. ഈ വിഷമഘട്ടത്തില്‍ പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറാകണം എന്നും എം.എ ബേബി ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

Read Also : മുന്നണി യോഗം ഇങ്ങനെയെങ്കില്‍ സത്യപ്രതിജ്ഞ കാണേണ്ട പൂരമായിരിക്കും, ഫോട്ടോ പങ്കുവെച്ച്   എം.ടി.രമേശ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പുണ്യമാസത്തിലും ചോര ചിതറുന്ന പലസ്തീന്‍: കൊച്ചു കുഞ്ഞുങ്ങളും സ്ത്രീകളും വയോധികരും ശരീരം നുറുങ്ങിച്ചിതറി അന്ത്യശ്വാസം വലിക്കുന്ന ദാരുണ രംഗമാണ് പശ്ചിമേഷ്യയില്‍. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം 32 കുഞ്ഞുങ്ങളും 21 സ്ത്രീകളും ഉള്‍പ്പെടെ 132 പേര്‍ വധിക്കപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവര്‍ 950. ആക്രമണങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കുമിടയില്‍പ്പെട്ട് അവിചാരിത മരണങ്ങള്‍ സംഭവിക്കും. ഇസ്രയേലില്‍ മരണമടഞ്ഞ മലയാളി ആരോഗ്യപ്രവര്‍ത്തക സൗമ്യ സന്തോഷിന്റെ നിര്‍ഭാഗ്യകരമായ അന്ത്യം അത്തരത്തില്‍പ്പെട്ടതാണ്. സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊണ്ടകാര്യം നേരത്തേ വെളിപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, വേര്‍പാടില്‍ അനുശോചനമറിയിക്കുകയും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ടത് ചെയ്യുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

റമദാന്‍ എന്ന പുണ്യ മാസം എത്ര കുടുംബങ്ങള്‍ക്കാണ് തോരാക്കണ്ണീരൊഴുകുന്ന നിലവിളിയായി മാറിയത് ഇപ്പോള്‍ ഈ രക്തച്ചൊരിച്ചിലിന് ഒറ്റക്കാരണമാണ് മുഖ്യമായി കണ്ടെത്താനാകുക; ഇസ്രയേലിലെ വംശീയ ഭരണകൂടത്തിന്റെ തലവനായ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അധികാരാസക്തി. നെതന്യാഹുവിനു പകരം പ്രതിപക്ഷനേതാവ് യയിര്‍ ലാപിഡിന് പ്രധാനമന്ത്രിപദം ഏറ്റെടുത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജൂണ്‍ രണ്ടുവരെ സമയം നല്‍കിയിരിക്കുകയാണ്. വിശ്വാസ വഞ്ചന, അഴിമതി, തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ക്ക് വിചാരണ നേരിടേണ്ട നെതന്യാഹുവിന് 13 വര്‍ഷംവരെ തടവുശിക്ഷ കിട്ടാനും സാധ്യതയുണ്ട്. ഈ സാഹചര്യം മറികടക്കാന്‍ നെതന്യാഹു (ഡോണള്‍ഡ് ട്രംപിന്റെയും നരേന്ദ്ര മോഡിയുടെയും ഉറ്റ സുഹൃത്തുകൂടി ആയതിനാല്‍) ഒരു കുറുക്കു വഴി കണ്ടുപിടിച്ചു. ഇസ്ലാമിക വിശ്വാസികളുടെ പുണ്യമാസത്തില്‍ (കേരളത്തെപ്പോലെ മിക്കവാറും സമൂഹങ്ങളില്‍ ഒരു മതത്തിന്റെ ആഘോഷമോ ആചരണമോ മറ്റുവിശ്വാസികളും അനുഭാവപൂര്‍വം പങ്കു ചേരുമല്ലോ). എങ്ങനെയെങ്കിലും ഒരു സംഘര്‍ഷത്തിന്റെയോ അതുവഴി സംഘട്ടനത്തിന്റെയോ തീപ്പൊരി എറിയുക.

നെതന്യാഹു അതിനു തെരഞ്ഞെടുത്തത് കിഴക്കന്‍ ജറുസലേമിലെ ‘അല്‍അക്യൂസ’ പള്ളിയാണ്. ഇസ്രയേലും ജോര്‍ദാനും തമ്മില്‍ ഒപ്പിട്ട കരാര്‍ പ്രകാരം വഖഫ് കമ്മിറ്റിയുടെ മേല്‍നോട്ട – നിയന്ത്രണത്തിലാണ് ഈ മസ്ജിദിലെ ആരാധന നടക്കുന്നത്. 5000 പേര്‍ക്ക് പ്രാര്‍ഥനകളില്‍ സംബന്ധിക്കാവുന്ന വലിപ്പമാണ് മസ്ജിദിന്. ഇസ്ലാംവിശ്വാസികള്‍ക്ക് ഏറ്റവും പ്രാധാന്യമുള്ള ലോകത്തെ മൂന്ന് പ്രാര്‍ഥനാലയത്തിലൊന്നാണിത്. പ്രവാചകനായ മുഹമ്മദ് നബി തിരുമേനി വന്നു പ്രാര്‍ഥിച്ചിട്ടുള്ളതായി വിശ്വസിക്കപ്പെടുന്ന മസ്ജിദ്. ക്രിസ്ത്യാനികള്‍ക്കും ജൂതമതവിശ്വാസികള്‍ക്കും കൂടി പ്രവേശനാനുവാദമുള്ള മസ്ജിദ്.

നെതന്യാഹുവിന്റെ കുടിലപദ്ധതിയുടെ ഭാഗമായി പുണ്യമാസ പ്രാര്‍ഥന നടക്കുന്നതിനിടയില്‍ ഇസ്രയേലി സൈനികര്‍ കടന്നുചെന്ന് സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും മസ്ജിദിനുള്ളില്‍ തിരികൊളുത്തി. അത് പൊടുന്നനെ ആളിപ്പടര്‍ന്നു. നേരത്തേ അതിനുസമീപം ഇസ്രയേലി സൈനികര്‍ ബാരിക്കേഡുകള്‍ നിര്‍മിച്ച് യാത്രാവിലക്കും സൃഷ്ടിക്കുകയുണ്ടായി. ഫാസിസ്റ്റുകള്‍ ചരിത്രത്തില്‍ എത്രയോ തവണ നടപ്പാക്കിയിട്ടുള്ള ഹീനമായ രക്തപങ്കിലമായ ക്രിമിനല്‍ രാഷ്ട്രീയം. ഇതിനു സമാന്തരമായാണ് കിഴക്കന്‍ ജറുസലേമിലെ ഷേക്കുജറാ പ്രദേശത്തുനിന്ന് പലസ്തീന്‍കാരെ കൂട്ടത്തോടെ ഒഴിപ്പിക്കാനും അവിടെ ഇസ്രയേലികളെ കുടിയിരുത്താനുമുള്ള നടപടികളും കൈക്കൊണ്ടത്. ഒന്ന് ഉദ്ദേശിച്ച ഫലം നല്‍കിയില്ലെങ്കില്‍ മറ്റൊന്നു പ്രയോജനപ്പെടണം എന്ന ദുഷ്ടലാക്കോടെയുള്ള ക്രിമിനല്‍ കുബുദ്ധിയാണ് നെതന്യാഹു ഇവിടെ പ്രകടിപ്പിച്ചത്. യുദ്ധസമാനമായ സംഘര്‍ഷമുണ്ടായാല്‍ ബദല്‍മന്ത്രിസഭാ രൂപീകരണം മാറ്റിവയ്ക്കപ്പെടാനും തനിക്കുതന്നെ പ്രധാനമന്ത്രിയായി തുടരാനും സാഹചര്യം രൂപപ്പെടാമെന്ന സൃഗാലതന്ത്രമാണ് നെതന്യാഹു പുറത്തെടുത്തത്.

ഹിറ്റ്ലറും മുസോളിനിയും പരീക്ഷിച്ചത് ഇന്നും നമുക്കുചുറ്റും വിവിധ രൂപത്തില്‍ ചില്ലറ മാറ്റങ്ങളോടെ അവരുടെ പിന്‍ഗാമികള്‍ ആവര്‍ത്തിക്കുന്നു. നെതന്യാഹുവും അതേപാതയില്‍ത്തന്നെ. ഫലമോ, പശ്ചിമേഷ്യ വീണ്ടും ഒരു യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുന്നു. ഇതൊഴിവാക്കാനാണ് ഐക്യരാഷ്ട്രസഭയും അമേരിക്ക ഉള്‍പ്പെടെയുള്ള ലോകശക്തികളും രംഗത്തു വരേണ്ടത്. എന്നും ഒരു ദേശീയ വിമോചനപ്രസ്ഥാനമെന്നനിലയില്‍ പലസ്തീനികള്‍ക്ക് ഒപ്പംനിന്ന, അവരുടെ മാതൃരാഷ്ട്രം യാഥാര്‍ഥ്യമാകണമെന്ന് വാദിച്ച ഇന്ത്യ നെതന്യാഹുവിന്റെ പൈശാചിമായ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കാന്‍ തയ്യാറാകണം. ഈ വിഷമഘട്ടത്തില്‍ പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും നരേന്ദ്ര മോഡി സര്‍ക്കാര്‍ തയ്യാറാകണം’.

shortlink

Related Articles

Post Your Comments

Related Articles


Back to top button