ന്യൂഡല്‍ഹി : കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ തങ്ങളുടെ നിലപാട് അറിയിച്ച് ഇന്ത്യ. യുഎന്‍ രക്ഷാസമിതിയില്‍ പലസ്തീന്റെ ആവശ്യത്തിനാണ് ഇന്ത്യ പിന്തുണ അറിയിച്ചത്. അതേസമയം, ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷത്തില്‍ ഇസ്രായേലിനും പലസ്തീനുമിടയില്‍ സന്തുലിതമായ നിലപാടാണ് ഇന്ത്യ എടുത്തത്. ദ്വിരാഷ്ട്ര പരിഹാരമാണ് മേഖലയില്‍ വേണ്ടതെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി അഭിപ്രായപ്പെട്ടു. ഗാസയില്‍ നിന്നുള്ള ഹമാസിന്റെ റോക്കറ്റാക്രമണത്തെ അപലപിച്ച അദ്ദേഹം ഇന്ത്യന്‍ പൗര സൗമ്യ സന്തോഷിന്റെ മരണം എടുത്തു പറഞ്ഞു.
Read Also : ഹമാസിന്റെ ഭീകരതയ്ക്ക് എന്നന്നേക്കുമായി അറുതിവരുത്തിയിട്ടേ യുദ്ധം അവസാനിപ്പിക്കൂ : ഇസ്രയേല്‍
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയിലെ ക്രമസമാധാനം വഷളായിരിക്കുകയാണ്. എല്ലാ അക്രമങ്ങളെയും അപലപിക്കുന്നു. ഇരു വിഭാഗവും ചര്‍ച്ചയുടെ വഴിയിലേക്ക് വരണം. സംഘര്‍ഷത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം. കിഴക്കന്‍ ജറുസലേമിലും മറ്റും നിലവിലുള്ള സ്ഥിതി തുടരണം. സമാധാന ശ്രമങ്ങള്‍ നടത്തുന്നവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നു. ചര്‍ച്ചകള്‍ നടക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഭാവിയിലും പ്രശ്നങ്ങളുണ്ടാക്കാന്‍ ഇതിടയാക്കുമെന്നും’ തിരുമൂര്‍ത്തി പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പലസ്തീനില്‍ സംഘര്‍ഷം ഉടലെടുത്തത്. ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ ഇസ്രായേല്‍ സൈന്യം വെടിവയ്പ്പ് നടത്തുകയും ആക്ടിവിസ്റ്റുകളെ പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.
Post Your Comments