ന്യൂഡല്‍ഹി: കേരളത്തിനുള്ള മെഡിക്കല്‍ ഓക്‌സിജന്‍ വിഹിതം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രതിദിനം 150 ടണ്ണില്‍ നിന്ന് 358 ടണ്‍ ആക്കിയാണ് വര്‍ധിപ്പിച്ചത്. കേന്ദ്രസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചിരുന്നു.
Also Read: രോഗവ്യാപനം കുറയുന്നു; ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുമായി ഡല്‍ഹി
ദിനംപ്രതി 212.34 ടണ്‍ ഓക്‌സിജന്‍ ഉത്പ്പാദിപ്പിക്കാനുള്ള ശേഷിയാണ് കേരളത്തിനുള്ളത്. ഓക്‌സിജന്‍ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ പ്രതിദിന ആവശ്യം 423.6 ടണ്‍ വരെ ഉയരാമെന്നാണ് ശാസ്ത്രീയ അനുമാനം. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ ആശുപത്രികളിലെ ഓക്‌സിജന്‍ 24 മണിക്കൂര്‍ നേരത്തേക്ക് പോലും തികയില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്.
അതേസമയം, സംസ്ഥാനങ്ങള്‍ക്ക് ഈ മാസം ആകെ 7.2 കോടി ഡോസ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 216 കോടി വാക്‌സിന്‍ രാജ്യത്ത് ലഭ്യമാക്കും. സ്പുട്‌നിക് വാക്‌സിന്റെ 15.6 കോടി ഡോസ് ലഭ്യമാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. റഷ്യയില്‍ നിന്നുള്ള സ്പുട്‌നിക് വാക്‌സിന്റെ അടുത്ത ബാച്ച് ഉടന്‍ രാജ്യത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments