ടെല്‍ അവീവ് : ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴസ് സൗമ്യ സന്തോഷിന്റെ വിയോഗത്തില്‍ ഇസ്രയേല്‍ ആകെ ദുഖിക്കുകയാണെന്ന് അംബാസഡര്‍ റോണ്‍ മല്‍ക്ക പറഞ്ഞു. ഇസ്രയേല്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് റോണ്‍ മാല്‍ക്ക സൗമ്യയുടെ കുടുംബത്തോട് സംസാരിച്ചു. സൗമ്യയും ഭര്‍ത്താവ് സന്തോഷും മകനുമുള്ള ചിത്രവും റോണ്‍ ട്വീറ്റ് ചെയ്തു. സൗമ്യയുടെ മകന്‍ അഡോണിനെ 2008 ലെ ഭീകരാക്രമണത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞ് മോഷയോട് ഉപമിക്കുകയും ചെയ്തു.
‘അഡോണ്‍ എന്ന കുഞ്ഞിനൊപ്പമാണ് എന്റെ മനസ്. ചെറുപ്രായത്തില്‍ അവന് അമ്മയെ നഷ്ടമായിരിക്കുന്നു. ഇനി അമ്മയുടെ സാന്നിദ്ധ്യമില്ലാതെ അവന്‍ വളരണം. ഈ പൈശാചികമായ ആക്രമണം 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞു മോഷയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. അവര്‍ക്ക് ദൈവം കരുത്തും ധൈര്യവും നല്‍കട്ടെ ‘ – റോണ്‍ ട്വീറ്റില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന റോക്കറ്റ് ആക്രമണത്തിലാണ് ഇസ്രയേലി പട്ടണമായ അഷ്‌കെലോണിലെ ഒരു വീട്ടില്‍ കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്ന ഇടുക്കി സ്വദേശി സൗമ്യയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. ഇവിടെ തന്നെയുള്ള ബന്ധുവാണ് പിന്നീട് മരണ വിവരം അറിയിച്ചത്.
Post Your Comments