തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പിടിയിലമര്‍ന്ന് അടച്ചുപൂട്ടപ്പെട്ട യൂറോപ്പ് ഘട്ടംഘട്ടമായി തുറക്കുന്നു. മുതിര്‍ന്നവരില്‍ മൂന്നിലൊന്ന് പേര്‍ക്കും വാക്സീന്‍ നല്‍കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. ഇംഗ്ലണ്ടില്‍ പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യാനുള്ള അനുമതിയടക്കമാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കൊവിഡിന്റെ ഒന്നാം തരംഗത്തില്‍ ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങളാണ് സ്പെയിനില്‍ നിന്നും ഇറ്റലിയില്‍ നിന്നുമെല്ലാം ദിനം പ്രതി വന്നുകൊണ്ടിരുന്നത്. ജീവനായുള്ള നിലവിളികള്‍, നിറയുന്ന ശ്മശാനങ്ങള്‍, മഹാമാരിക്ക് കീഴടങ്ങിയത് ആയിരങ്ങളാണ്. എന്നാല്‍ ഇന്ന് സ്പെയിന്‍ ആനന്ദ നൃത്തം ചവിട്ടുകയാണ്. ഒരുപാട് പേരെ മഹാമാരി കവര്‍ന്നെങ്കിലും തിരിച്ചുവരവിന്‍റെ പാതയിലാണ് രാജ്യം. സ്വാതന്ത്ര്യം എന്നാര്‍പ്പുവിളിച്ചാണ് ഒരു വര്‍ഷത്തിനിപ്പുറം കര്‍ഫ്യൂ അവസാനിച്ചത് സ്പെയിനുകാര്‍ കഴിഞ്ഞ ദിവസം ആഘോഷിച്ചത്. കൂട്ടായ്മകള്‍ പുനരാരംഭിച്ചെങ്കിലും സാമൂഹിക അകലവും മാസ്കും മറക്കരുതെന്ന മുന്നറിയിപ്പും രാജ്യത്ത് ഉയരുന്നുണ്ട്.
കൊവിഡ് രണ്ടാം തരംഗത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഏറെ പണിപ്പെട്ടു ബ്രിട്ടന്‍. മാസങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തിപ്പോള്‍. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ആലിംഗനം ചെയ്യാനുള്ള അനുമതിയാണ് ബ്രിട്ടീഷുകാരെ ഏറെ സന്തോഷിപ്പിക്കുന്നത്. ഹോട്ടലുകള്‍ക്കും പബ്ബുകള്‍ക്കുമകത്ത് ഭക്ഷണപാനീയങ്ങള്‍ വിളന്പാനുള്ള അനുമതിയും നല്‍കിക്കഴിഞ്ഞു.
കൊവിഡിന്റെ മൂന്നാം തരംഗത്തെ പിടിച്ചുകെട്ടിയ ആത്മവിശ്വാസത്തിലാണ് ജര്‍മ്മനി. ഗ്രീസും ബീച്ചുകള്‍ തുറന്നു. ഈ മാസം 19 മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനൊരുങ്ങുകയാണ് ഫ്രാന്‍സ്. വെറുതെയല്ല, നിയന്ത്രണങ്ങള്‍ക്കൊപ്പം വാക്സീന്‍ വിതരണവും കാര്യക്ഷമമാക്കിയതുമാണ് യൂറോപ്യന്‍ രാജ്യങ്ങളെ ഇപ്പോള്‍ പ്രതീക്ഷയുടെ ലോകത്തേക്ക് പിടിച്ചുയര്‍ത്തുന്നത്. വാക്സീനുകള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കുകയും അതിവേഗം ഓര്‍ഡര്‍ നല്‍കുകയും ചെയ്തതാണ് ബ്രിട്ടനെ വാക്സിനേഷനില്‍ ബഹുദൂരം മുന്നിലെത്താന്‍ സഹായിച്ചത്. ആദ്യഘട്ടത്തില്‍ പരമാവധി പേര്‍ക്ക് ഒരു ഡോസ് വാക്സീനെങ്കിലും നല്‍കാനും ശ്രദ്ധ വച്ചു.
Post Your Comments