കോവിഡിന്റെ മൂന്നാം തരംഗത്തിൽ കുട്ടികൾ തുരുതുരാ മരിച്ച് വീഴുമെന്ന് സൂപ്രീം കോടതി പറഞ്ഞിട്ടില്ലെന്നും, സമൂഹത്തിൽ പരിഭ്രാന്തി പരത്തുകയും വ്യാജ വാർത്ത പ്രചരിപ്പിക്കുകയും ചെയ്യരുതെന്നും ഡോ. ഷിംന അസീസ്.
കുട്ടികൾക്കുള്ള ഭക്ഷണം സാനിറ്റൈസ് ചെയ്യണം, കുട്ടികളെ പുറത്തുകൊണ്ട് പോകുമ്പോൾ ഹെൽത്തിൽ അറിയിക്കണം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളും നിലവിലില്ലെന്നും, യാതൊരു കാരണവശാലും ഭക്ഷണം സാനിറ്റൈസ് ചെയ്യാൻ പാടില്ലെന്നും ഡോ. ഷിംന അസീസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. കോവിഡ് മൂന്നാം തരംഗം കുട്ടികളെ മാരകമായി ബാധിക്കും എന്ന വ്യാജ വർത്തയോടെ പ്രതികരിക്കുകയായിരുന്നു അവർ. സമൂഹത്തിൽ ഭീതിയും ആശങ്കയും പരത്തിയല്ല ആരും രോഗപ്രതിരോധ പ്രവർത്തനം നടത്തേണ്ടതെന്നും ഡോ.ഷിംന കൂട്ടിച്ചേർത്തു.
ഡോ.ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
കോവിഡിന്റെ മൂന്നാം തരംഗത്തിൽ കുട്ടികൾ തുരുതുരാ മരിച്ച് വീഴുമെന്ന് സൂപ്രീം കോടതി പറഞ്ഞിട്ടില്ല സുഹൃത്തേ. കോവിഡിന്റെ രണ്ടാം തരംഗത്തിൽ രക്ഷിതാക്കളിൽ ഒരാളോ രണ്ട് പേരോ തന്നെയോ നഷ്‌ടപ്പെട്ട കുട്ടികൾക്ക് കൊടുക്കേണ്ട പ്രത്യേക ശ്രദ്ധയിലൂന്നിയാണ് സുപ്രീം കോടതി ജുവനൈൽ ജസ്‌റ്റിസ് കമ്മിറ്റി ചെയർ പേഴ്‌സൺ രവീന്ദ്ര ഭട്ട് സംസാരിച്ചത്. അങ്ങനെ ഒറ്റപ്പെട്ട് പോയ മക്കൾക്ക് എന്തൊക്കെ രീതിയിൽ ശ്രദ്ധ കൊടുക്കണം, ആർക്കൊക്കെ അവരെ ഏറ്റെടുക്കാം, അവരെ ശ്രദ്ധിക്കുന്ന കെയർ ഹോമുകളിൽ ഉള്ളവർ വാക്‌സിനേഷൻ എടുക്കുന്നതിന്റെ പ്രാധാന്യം തുടങ്ങിയവയാണ് യുനിസെഫുമായി നടന്ന ആ ചർച്ചയിൽ മുഖവിലക്കെടുത്ത പ്രധാന വസ്‌തുതകൾ. അല്ലാതെ മൂന്നാം തരംഗം മക്കളെ കൊല്ലുമെന്നല്ല, എവിടുന്ന് കിട്ടുന്നു ഈ ജാതി തർജമകൾ?
‘കുട്ടികൾക്ക് ബിസ്‌ക്കറ്റ്, മിഠായി ഒക്കെ വാങ്ങിയാൽ ‘സാനിറ്റൈസർ’ ചെയ്യണം’, ‘അവരെ കൊണ്ട് പുറത്ത് പോകുമ്പോൾ ഹെൽത്തിൽ അറിയിക്കണം’ എന്നൊന്നുമുള്ള നിർദേശങ്ങൾ എങ്ങുമില്ല. വൃത്തിയുള്ള വസ്‌തു കുട്ടികൾക്ക് കഴിക്കാൻ നൽകണമെങ്കിൽ അങ്ങനെ മാത്രം പറഞ്ഞാൽ മതി. ഓവറാക്കി ചളമാക്കേണ്ട. പിന്നെ, സാനിറ്റൈസർ ഒരു കാരണവശാലും ഭക്ഷണത്തിൻമേൽ ഉപയോഗിക്കാനുള്ളതല്ല. രക്ഷിതാവ് കൈകൾ നന്നായി കഴുകി, പാക്കിനകത്തുള്ള ഭക്ഷ്യവസ്‌തു എങ്ങും തൊടാതെ വൃത്തിയോടെ കുഞ്ഞിനെടുത്ത് കൊടുക്കുന്നതാണ് ശരിയായ രീതി. തുറന്ന് വെച്ച പരുവത്തിലുള്ള പുറത്ത് നിന്നുള്ള ഫുഡ് പാടേ ഒഴിവാക്കാം.
പറഞ്ഞ് വന്നത് എന്താച്ചാൽ, മക്കൾക്ക് ഭക്ഷണം കൊടുക്കാൻ പോലും മാതാപിതാക്കൾക്ക് കൈയും കാലും വിറക്കുന്ന രീതിയിൽ എഴുതി വെക്കരുത്. മുൻകരുതലിന് പെയിന്റടിച്ച് പ്രദർശിപ്പിക്കേണ്ടതില്ല. അല്ലെങ്കിൽ തന്നെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഒരു കുറവും അറിഞ്ഞോണ്ട് ആരും വരുത്താറുമില്ല. കുട്ടികളെ ‘അത്യാവശ്യങ്ങൾക്കല്ലാതെ പുറത്ത് കൊണ്ട് പോകരുത്’ എന്ന മെസേജാണ് പറയാനുള്ളതെങ്കിൽ അത് നേരിട്ട് പറയൂ, സമൂഹത്തിൽ പരിഭ്രാന്തി പരത്തരുത്, വ്യാജവാർത്ത പ്രചരിപ്പിക്കരുത്. ‘അവരെ കളിക്കാൻ വിടരുത്’ എന്ന് പറഞ്ഞോളൂ, അവർ രോഗം വീട്ടിലേക്ക് കൊണ്ട് വരാനുള്ള സാധ്യത അത്രയും കുറയും. അതിന് ഇനി വരുന്നത് കുട്ടികളെ കൊല്ലുന്ന കോവിഡ് എന്നൊക്കെ പറഞ്ഞ് ഞെട്ടിക്കാൻ നിന്നാൽ ചെയ്യുന്നത് സാമൂഹ്യദ്രോഹമാണെന്ന് നിസ്സംശയം പറയേണ്ടി വരും.
സമൂഹത്തിൽ ഭീതിയും ആശങ്കയും പരത്തിയല്ല ആരും ഇവിടെ രോഗപ്രതിരോധപ്രവർത്തനം നടത്തേണ്ടത്. ഇതൊക്കെ വായിച്ചും കേട്ടും ഉറക്കം നഷ്‌ടപ്പെടുകയും മിടിപ്പ് കൂടുകയും കരയുകയും തല മരവിക്കുകയും ചെയ്യുന്ന അതിസാധാരണക്കാരായ മനുഷ്യരെ ഓർത്തെങ്കിലും, കുടുംബഗ്രൂപ്പുകളിൽ ചവച്ച് തുപ്പിയിടുന്നതെന്തും അമൃതെന്ന് മാത്രം കരുതുന്ന പാവം മനുഷ്യരെ ഓർത്തെങ്കിലും വായിൽ തോന്നിയ ഇമ്മാതിരി തോന്നിവാസം എഴുതി പരത്തരുത്. ഭാവന വിടരാൻ ഇത് കഥയല്ല, മഹാമാരി മക്കളെ പറിച്ച് കൊണ്ട് പോകുമെന്ന ഇല്ലാക്കഥയാണ്. വൈറലാവാൽ നോക്കേണ്ടത് വല്ലോർടേം നെഞ്ചത്ത് ചവിട്ടിയുമല്ല. കുട്ടികളെ മാത്രമായി ബാധിക്കുന്ന, ഇല്ലായ്‌മ ചെയ്യുന്ന ഒന്നും നിലവിൽ ഇവിടെയില്ല. ഇത്തരം പ്രചാരണം തികച്ചും അശാസ്‌ത്രീയമാണ്, വസ്‌തുതാവിരുദ്ധമാണ്.
പ്രതിരോധിക്കുക, ഇത്തരം പച്ചക്കള്ളങ്ങളെയും.
ഇതെല്ലാം തന്നെ കടന്ന് പോകും.
കോവിഡിന്റെ മൂന്നാം തരംഗത്തിൽ കുട്ടികൾ തുരുതുരാ മരിച്ച് വീഴുമെന്ന് സൂപ്രീം കോടതി പറഞ്ഞിട്ടില്ല സുഹൃത്തേ…
കോവിഡിന്റെ…
Posted by Shimna Azeez on Monday, 10 May 2021
Post Your Comments