
ഷിംല: ഹിമാചല്‍ പ്രദേശില്‍ ലോക്ഡൗണിനിടയിലെ മൂന്ന് ദിവസങ്ങളിലായി നടന്നത് 1200 വിവാഹങ്ങള്‍. ഇതില്‍ 26 എണ്ണം സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചതായി സംസ്ഥാന പോലീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് നിലവില്‍ പത്ത് ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
പൊതുഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു, സ്വകാര്യ ഗതാഗതത്തിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. അവശ്യ സാധനങ്ങളുടെ കടകള്‍ ദിവസത്തില്‍ മൂന്ന് മണിക്കൂര്‍ വരെയാക്കി വെട്ടിക്കുറച്ചു. വിവാഹങ്ങള്‍ക്കും ശവസംസ്‌കാര ചടങ്ങളുകള്‍ക്കും പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവു എന്നും സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയിരുന്നു.
വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ 1200 വിവാഹങ്ങളാണ് നടന്നത്. അതില്‍ 1117 എണ്ണം മാത്രമാണ് അനുമതി നേടി വിവാഹം നടത്തിയത്. 54 എണ്ണം അനുമതിയില്ലാതെയാണ് നടത്തിയതെന്ന് പൊലീസ് പറയുന്നു. അതേസമയം ചടങ്ങുകളില്‍ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി, മിക്ക വിവാഹങ്ങളും പോലീസ് പരിശോധിച്ചുവെന്നും മാനദണ്ഡങ്ങള്‍ ലംഘിച്ച 26 വിവാഹങ്ങള്‍ നടത്തിയവരില്‍ നിന്ന് 1.02 ലക്ഷം രൂപ പിഴയായി പിരിച്ചെടുത്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
നിലവില്‍ സംസ്ഥാനത്ത് 32,500 സജീവ കോവിഡ് കേസുകളാണുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട ജില്ല കാന്‍ഗ്രയാണ്. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ സംസ്ഥാനത്ത് ശരാശരി 50 ഓളം കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3,29,942 പേര്‍ കൂടി കോവിഡ് ബാധിതരായി. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2.29 കോടി കടന്നു. 37.15 ലക്ഷം പേര്‍ നിലവില്‍ ചികിത്സയിലാണ്. 1.90 കോടി പേര്‍ ഇതുവരെ രോഗമുക്തി നേടി. രണ്ടുമാസത്തിനിടെ ആദ്യമായാണ് സജീവ കേസുകളുടെ എണ്ണം കുറയുന്നത്. 3,876 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ സ്ഥിരീകരിച്ചത്. ആകെ മരണം 2.49 ലക്ഷമായി.
READ MORE: യഥാർത്ഥ പോരാളി; കേരള രാഷ്ട്രീയത്തിലെ പെൺകരുത്തായിരുന്നു ഗൗരിയമ്മയെന്ന് കെ സുരേന്ദ്രൻ
Post Your Comments