ഭോപ്പാല്‍: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച മാര്‍ക്കറ്റ് അടപ്പിക്കാനെത്തിയ പോലീസിന് നേരെ ആക്രമണം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവിലിരിക്കെ തുറന്നു പ്രവര്‍ത്തിച്ച മാര്‍ക്കറ്റ് അടപ്പിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞു. മധ്യപ്രദേശിലെ ബൈദാനിലാണ് സംഭവം.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രദേശത്തെ പഴം പച്ചക്കറി മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിച്ചിരുന്നു. സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ ഒത്തുകൂടിയെന്ന് പട്രോളിംഗിനിടെ പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതിനെതിരെ പോലീസ് എതിര്‍പ്പ് അറിയിച്ചു. എന്നാല്‍ വ്യാപാരികളോ ആളുകളോ ഇത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.
ഇതോടെ കൂടുതല്‍ പോലീസുകാരും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അടക്കമുള്ള അധികാരികളും സ്ഥലത്തെത്തി. തുടര്‍ന്ന് മാര്‍ക്കറ്റ് അടപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആളുകള്‍ പോലീസ്, തദ്ദേശഭരണ അധികൃതര്‍ക്ക് നേരെ കല്ലെറിഞ്ഞത്. കല്ലേറില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പോലീസിന് നേരെ കല്ലെറിഞ്ഞെന്നാണ് അധികൃതര്‍ പറയുന്നത്.
Post Your Comments