ആലപ്പുഴ: രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ ആലപ്പുഴ പുന്നപ്ര പൊലീസില്‍ പരാതിയുമായി യുവതി. പുന്നപ്ര ഡൊമിസിലിയ സെന്ററിലെ സന്നദ്ധ പ്രവര്‍ത്തകയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയുമായ രേഖയാണ് പൊലീസില്‍ പരാതി നല്‍കിയത്. കൊവിഡ്-19 രോഗിയെ ബൈക്കില്‍ മെഡിക്കല്‍ കോളെജില്‍ എത്തിച്ച സംഭവത്തിലെ ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പാണ് പരാതിക്കടിസ്ഥാനം. വെള്ളിയാഴ്ച്ച കൊവിഡ്-19 ബാധിതനായ കരൂര്‍ സ്വദേശിക്ക് കടുത്ത ശ്വാസ തടസ്സവും നെഞ്ച് വേദനയും അനുഭവപ്പെട്ടതോടെ അശ്വിന്‍ എന്ന സഹപ്രവര്‍ത്തകനുമായി ചേര്‍ന്ന് രേഖയായിരുന്നു രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചത്. ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് ഏറെ മാനസികമായി വിഷമിപ്പിച്ചെന്ന് രേഖ പരാതിയില്‍ പറയുന്നു.
എന്നാൽ സംഭവത്തിലെ ശ്രീജിത്ത് പണിക്കരുടെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ ശക്തമായ പ്രചാരണം നടക്കുകയാണ്. ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ നിന്നും ഇടത് നിരീക്ഷകര്‍ മാറി നില്‍ക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഡോ.പ്രേംകുമാര്‍, രശ്മിത രാമചന്ദ്രന്‍ എന്നിവര്‍ ഇതിനകം ശ്രീജിത്തിനൊപ്പം ചര്‍ച്ചകളില്‍ പങ്കെടുക്കില്ലായെന്ന് നിലപാട് അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
കൊവിഡ്19 രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ ന്യായീകരണ ക്യാപ്‌സ്യൂള്‍ എന്ന പേരിലായിരുന്നു ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്. സര്‍ക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോര്‍ട്ടിംഗ് അവസാനിപ്പിക്കണമെന്നും ശരിയായ ഉദ്ദേശം മാത്രമാണ് ബൈക്ക് ആംബുലന്‍സിന് പിന്നില്‍ ഉള്ളതെന്നും ശ്രീജിത്ത് പറയുന്നു.
Post Your Comments