ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വൈറസിന്റെ രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തിൽ നാലു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂർ എന്നിവരുമായാണ് പ്രധാനമന്ത്രി ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലിയിരുത്തിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും മുഖ്യമന്ത്രിമാരുമായി അദ്ദേഹം ചർച്ച നടത്തി.
വാക്സിൻ രജിസ്ട്രേഷനായി കൊവിൻ ആപ്പിന് പകരം സ്വന്തമായി ആപ്ലിക്കേഷൻ വികസിപ്പിക്കാൻ അനുവദിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടത്. കോവിഡ് വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ഇവിടുത്തെ സ്ഥിതിഗതികളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
കോവിഡ് പ്രതിരോധത്തെക്കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും സംസ്ഥാനത്തിന്റെ പ്രവർത്തനത്തിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചെന്നും ഫോൺ സംഭാഷണത്തിന് ശേഷം മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി.
Post Your Comments