Latest NewsIndia

വാക്‌സിന്റെ ബൗദ്ധിക സ്വത്തവകാശം – ഇന്ത്യയുടെ നിലപാട് പ്രശംസിക്കപ്പെടേണ്ടത് തന്നെയാണ്

കോവിഡ് ആഗോള ആരോഗ്യ പ്രതിസന്ധിയാണെന്ന് തിരിച്ചറിഞ്ഞ രാജ്യമാണ് ഇന്ത്യ

ശിവാനന്ദ് സി.വി

‘വസുധൈവ കുടുംബകം’ എന്ന ആശയത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ജനതയാണ് ഇന്ത്യയിലുള്ളത്. അതിനാല്‍ തന്നെ ലോക രാജ്യങ്ങളെല്ലാം ഇന്ത്യയുടെ കുടുംബാംഗങ്ങളാണ്. ആഗോളതലത്തില്‍ വാക്‌സിന് ക്ഷാമം നേരിട്ടപ്പോള്‍ ഇന്ത്യ അളവില്ലാത്ത സഹായമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചത്. വികസിത രാജ്യമെന്നോ അവികസിത രാജ്യമെന്നോ വേര്‍തിരിവില്ലാതെയാണ് ഇന്ത്യയുടെ വിമാനങ്ങളും കപ്പലുകളും വാക്‌സിനും മറ്റ് വൈദ്യ സഹായങ്ങളുമായി പാഞ്ഞെത്തിയത്. ഇന്ന് ഇന്ത്യയ്ക്ക് ഒരു പ്രതിസന്ധി നേരിട്ടപ്പോള്‍ ലോകരാജ്യങ്ങള്‍ സഹായവുമായി ഒരു കുടക്കീഴില്‍ അണിനിരന്നതിന് കാരണവും മറ്റൊന്നല്ല.

കോവിഡ് ആഗോള ആരോഗ്യ പ്രതിസന്ധിയാണെന്ന് തിരിച്ചറിഞ്ഞ രാജ്യമാണ് ഇന്ത്യ. അതിനാലാണ് കോവിഡ് പ്രതിരോധത്തിന് ഇന്ത്യ തന്നെ നേതൃത്വം നല്‍കിയത്. ഇതിന്റെ തുടര്‍ച്ചയെന്നോണം കോവിഡ് വാക്‌സിന്റെ ബൗദ്ധിക സ്വത്തവകാശം ഒഴിവാക്കണമെന്ന് ഇന്ത്യ ലോകവ്യാപാര സംഘടനയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇക്കാര്യം ആവശ്യപ്പെട്ട് ലോകവ്യാപാര സംഘടനയ്ക്ക് കത്തയച്ചത്. വാക്‌സിനെ ആഗോള സ്വത്താക്കി മാറ്റുകയെന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. പേറ്റന്റ്, ട്രേഡ്മാര്‍ക്കുകള്‍, കോപ്പി റൈറ്റ് എന്നിവയെ നിയന്ത്രിക്കുന്ന വ്യാപാരവുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ നിയമത്തിലെ ഭാഗങ്ങള്‍ എടുത്തു കളയണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

വാക്‌സിനെ ബൗദ്ധിക സ്വത്തവകാശത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയില്ലെങ്കില്‍ ലോകം നേരിടാന്‍ പോകുന്ന വെല്ലുവിളികളെ കുറിച്ച് ഇന്ത്യ മുന്‍കൂട്ടി കണ്ടിരുന്നു. എന്നാല്‍, അമേരിക്കയും ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ബൗദ്ധിക സ്വത്തവകാശ ഇളവിനെ എതിര്‍ക്കുകയാണുണ്ടായത്. പിന്നീട് ജോ ബൈഡന്‍ അമേരിക്കയുടെ അധികാരം ഏറ്റെടുത്തതോടെ നിലപാടില്‍ മാറ്റമുണ്ടായി. ഫൈസര്‍, മൊഡേണ എന്നീ കമ്പനികളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് അമേരിക്കയും ഇന്ത്യയ്‌ക്കൊപ്പം ചേര്‍ന്നു. ലോകാരോഗ്യ സംഘടനയില്‍ ഇത് സംബന്ധിച്ച നിലപാട് അമേരിക്ക അറിയിച്ചു. ഇതോടെ യൂറോപ്യന്‍ യൂണിയനും വിഷയം ചര്‍ച്ച ചെയ്യുമെന്ന നിലപാടിലേയ്ക്ക് മാറി. കോവിഡ് പല രാജ്യങ്ങളിലും രണ്ടാം തരംഗത്തിലൂടെ കടന്ന് പോയികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലോകവ്യാപാര സംഘടനയില്‍ അംഗങ്ങളായ 164ല്‍ 100 രാജ്യങ്ങളും ബൗദ്ധിക സ്വത്തവകാശ ഇളവിനെ അനുകൂലിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്.

നമ്മള്‍ ഉപയോഗിക്കുന്ന ഓരോ വസ്തുവും കണ്ടുപിടുത്തതിന്റെ ഫലമാണ്. ഒരു കണ്ടുപിടുത്തം നടത്തുന്ന ആളിന് കണ്ടുപിടുത്തത്തിന്‍മേല്‍ അനുവദിച്ചുകൊടുക്കുന്ന കുത്തകാവകാശമാണ് പേറ്റന്റ്. ഏറ്റവും നൂതനമായ കണ്ടുപിടുത്തത്തിന് മാത്രമേ പേറ്റന്റ് അനുവദിക്കുകയുള്ളൂ. 20 വര്‍ഷമാണ് പേറ്റന്റിന് നിയമപരമായ പരിരക്ഷ ലഭിക്കുക. കോവിഡ് വൈറസിനെതിരായ വാക്‌സിന് പേറ്റന്റ് ലഭിച്ചതാണ് മരുന്ന് കമ്പനികള്‍ക്ക് ആശ്വാസമായത്. കഴിഞ്ഞ ആറ് മാസമായി ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങള്‍ വാക്‌സിനുകളുടെ പേറ്റന്റുകള്‍ നീക്കാന്‍ ശ്രമം തുടരുകയാണ്.

പേറ്റന്റ് ഒഴിവാകുന്നതോടെ വാക്‌സിന്‍ നിര്‍മ്മാണം ദ്രുതഗതിയില്‍ നടത്താനും കൂടുതല്‍ ആളുകളിലേക്ക് വാക്‌സിന്‍ എത്തിക്കാനും സാധിക്കും. വാക്‌സിന്റെ വിലയിലും ഗണ്യമായ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഫൈസര്‍ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ലോകത്തുടനീളം വില്‍പ്പന നടത്തിയതിലൂടെ 2600 കോടി ഡോളര്‍ ലാഭം കൊയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മറ്റൊരു അമേരിക്കന്‍ കമ്പനിയായ മൊഡേണയും നടപ്പുവര്‍ഷം 1800 കോടി ഡോളര്‍ വിറ്റുവരവ് പ്രതീക്ഷിക്കുന്നു. എന്നാല്‍, അമേരിക്ക സ്വീകരിച്ച പുതിയ നിലപാട് ഫൈസര്‍ അടക്കമുള്ള വാക്‌സിന്‍ കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവുണ്ടാക്കിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജനസംഖ്യ കോവിഡ് പോരാട്ടത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കോവിഡിനെ നിയന്ത്രിക്കുന്നതിലും വാക്‌സിനേഷനിലും ഇത് പ്രതിഫലിക്കുന്നുണ്ട്. എന്നാല്‍, നമ്മുടെ രാജ്യത്തുള്ള സംവിധാനങ്ങള്‍ ഈ പോരാട്ടത്തില്‍ ഏറെ നിര്‍ണായകമാണ്. വാക്‌സിന്റെ ബൗദ്ധിക സ്വത്തവകാശത്തില്‍ ഇളവ് നേടാനായാല്‍ വാക്‌സിനേഷന് വേഗം കൂട്ടാം. കസൗളിയിലെ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, കൂനൂരിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഗിണ്ടിയിലെ ബിസിജി വാക്‌സിന്‍ ലബോറട്ടറി, ചെങ്കല്‍പെട്ടിലുള്ള എച്ച് ബി എല്‍ ഇന്റഗ്രേറ്റഡ് വാക്‌സിന്‍ കോംപ്ലക്‌സ് എന്നീ പൊതുമേഖല വാക്‌സിന്‍ ഫാക്ടറികളെ ഉപയോഗപ്പെടുത്തണം. ഇവിടങ്ങളില്‍ ആധുനിക ജനിതക വാക്‌സിനുകള്‍ ഉത്പ്പാദിപ്പിക്കാനുള്ള ശേഷിയും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാനായാല്‍ ഇന്ത്യയ്ക്ക് കോവിഡിനെ ഫലപ്രദമായി ചെറുക്കാന്‍ കഴിയും. ഇത്തരം നീക്കങ്ങളിലൂടെ കോവിഡ് വാക്‌സിന്‍ രാജ്യത്ത് തന്നെ ഉത്പ്പാദിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചാല്‍ കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയുടെ വിജയം സുനിശ്ചിതമാണ്. കോവിഡ് നിയന്ത്രങ്ങള്‍ കാരണം രാജ്യത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന നിശബ്ദത നാളത്തേയ്ക്കുള്ള തയ്യാറെടുപ്പിന് വേണ്ടിയുള്ളതാകട്ടെ…

shortlink

Related Articles

Post Your Comments

Related Articles


Back to top button