രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായിരിക്കെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ കാണിക്കുന്ന വിട്ടുവീഴ്ചകൾക്ക് കടുത്ത വിലയാണ് നൽകേണ്ടി വരുന്നത്. അത്തരത്തിലൊരു വാർത്തയാണ് രാജസ്ഥാനിലെ ജയ്‌പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കോവിഡ് ബാധിതന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത 21 പേർ കോവിഡ് ബാധിച്ചു മരിച്ചു. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിങ് ദോത്താസരയുടെ മണ്ഡലത്തിൽ നടന്ന സംഭവം പുറത്തറിഞ്ഞത് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ വിവരം പങ്കുവെച്ചപ്പോഴാണ്.
രാജസ്ഥാനിലെ സീക്കർ ജില്ലയിലാണ് സംഭവം. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ 150 ലേറെ പേരാണ് കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്കാരത്തിൽ പങ്കെടുത്തത്. ഇതിൽ നൂറിലേറെ പേർ രോഗികളായി. അതേസമയം സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്ത അഞ്ചുപേർ മാത്രമേ കോവിഡ് മൂലം മരിച്ചിട്ടുള്ളു എന്നാണ് ഔദ്യോഗിക ഭാഷ്യം.
കഴിഞ്ഞ ഏപ്രിൽ 21നാണ് ഖീർവ ഗ്രാമത്തിൽ കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്കാരം നടന്നത്. കോവിഡ് മാനദണ്ഡപ്രകാരം മൃതദേഹം പൊതിഞ്ഞു കൊണ്ടുവന്ന കവർ നീക്കം ചെയ്ത ജനങ്ങൾ മൃതദേഹത്തിൽ തൊട്ട് അന്തിമോപചാരം അർപ്പിച്ചു. ഇതോടെ രോഗവ്യാപനം ഉണ്ടാക്കുകയായിരുന്നു.
Post Your Comments