കൊൽക്കത്ത : തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നടക്കുന്ന അക്രമങ്ങൾക്കെതിരേ കടുത്ത നടപടിയെടുക്കണമെന്ന് ആർഎസ്എസ്. ബംഗാളിൽ നടക്കുന്നത് വംശഹത്യയാണ്. അക്രമത്തിന്റെ ഫലമായി പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽ പെട്ട നിരവധി പേർക്കാണ് വീട് നഷ്ടമായത്. അവരുടെ മാനവും ജീവനും സംരക്ഷിക്കാൻ വേണ്ടി അഭയാർത്ഥികളായി പലായനം ചെയ്യേണ്ട സ്ഥിതിയിലാണെന്നും ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ ചൂണ്ടിക്കാട്ടി.
Read Also : രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തെ തടയാന്‍ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
അക്രമത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്നും ബംഗാൾ സർക്കാർ നിഷ്‌ക്രിയമായിരിക്കുകയാണെന്നും ഹൊസബാളെ പറഞ്ഞു. ബംഗാളിലെ അക്രമം ആസൂത്രിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമങ്ങളിൽ സാമൂഹ്യവിരുദ്ധശക്തികളുടെ സജീവ പങ്കാളിത്തമുണ്ട്. സ്ത്രീകൾക്കെതിരേ പോലും പ്രാകൃതമായ അതിക്രമമാണ് നടത്തുന്നത്. നിരപരാധികളെ ക്രൂരമായി കൊന്നൊടുക്കുകയും വീടുകൾ കൊളളയടിക്കുകയുമാണ്. നാണംകെട്ട രീതിയിലാണ് കടകളിലും മറ്റും കൊളള നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമത്തിന് ഇരകളായവരെ പുനരധിവസിപ്പിക്കാൻ ബംഗാൾ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമാധാനം പുന:സ്ഥാപിക്കേണ്ടതും സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ടതും ക്രമസമാധാനം പാലിക്കേണ്ടതും സംസ്ഥാന സർക്കാരാണ്. എന്നാൽ സംസ്ഥാന സർക്കാർ കാഴ്ചക്കാരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് വിജയം രാഷ്ട്രീയ പാർട്ടികൾക്ക് അവകാശപ്പെട്ടതാണ്. എന്നാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ എല്ലാവർക്കും വേണ്ടിയുളളതാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments