ശ്രീനഗർ: കശ്മീരിൽ കൊറോണ രോഗികൾക്കായി ആശുപത്രി തുറന്ന് ഇന്ത്യൻ സൈന്യം. 250 ലധികം കിടക്കകളുളള ആശുപത്രിയാണ് ശ്രീനഗറിലെ രംഗ്രേത്തിൽ തുറന്നത്. ഐസിയു ഉൾപ്പെടെയുളള സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഏഴ് ഡോക്ടർമാരെയും 35 പാരാമെഡിക്കൽ സ്റ്റാഫിനെയും ആശുപത്രിയിൽ നിയോഗിച്ചിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു. ചിനാർ കോർപ് ആണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്.
എക്‌സ്‌റേയും ലബോറട്ടറി, വെന്റിലേറ്റർ സംവിധാനങ്ങളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ടെന്ന് ബ്രിഗേഡിയർ എസ് സേഥ് പറഞ്ഞു. സംസ്ഥാന ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക. പ്രതിസന്ധി ഘട്ടത്തിൽ കശ്മീരിലെ ജനങ്ങൾക്കൊപ്പം സൈന്യം ഉണ്ടെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും എസ് സേഥ് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷവും കൊറോണ വ്യാപനത്തിന്റെ ഘട്ടത്തിൽ സൈന്യം സമാനമായ ചികിത്സാ സംവിധാനം കശ്മീരിൽ ഒരുക്കിയിരുന്നു.
read also: ഡേ കെയര്‍ സെന്ററില്‍ ആക്രമണം : പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ 5 മരണം
കശ്മീരിൽ ദിവസേന 3500 ഓളം കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. രോഗികളുടെ എണ്ണം ഉയർന്നാൽ സംസ്ഥാനത്തെ ആരോഗ്യസംവിധാനത്തിന് അത് ഉൾക്കൊളളാനാകാതെ വരും. ഈ സ്ഥിതി മുൻനിർത്തിയാണ് സൈന്യത്തിന്റെ നീക്കം. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുക.
Post Your Comments