ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെ വീണ്ടുമൊരു ലോക്ക് ഡൗണ്‍ കേന്ദ്രത്തിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 4 ലക്ഷം കടന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നീതി ആയോഗ് അംഗമായ വി.കെ പോള്‍ ആണ് ഇക്കാര്യം അറിയിച്ചത്.
‘വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെ കൂടുതല്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അത്തരം മാര്‍ഗങ്ങള്‍ എല്ലായ്‌പ്പോഴും ചര്‍ച്ചചെയ്യപ്പെടാറുണ്ട്. മാത്രമല്ല ഇത്തരം തീരുമാനങ്ങള്‍ ആവശ്യാനുസരണം സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യും’. വി കെ പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ന് രാജ്യത്തെ കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം ആദ്യമായി 4 ലക്ഷം കടന്നു. പുതുതായി 4,12,262 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,10,77,410 ആയി ഉയര്‍ന്നു. 2,30,168 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്.
Post Your Comments