കൊല്ലം: കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍ ബാലകൃഷ്‌ണ പിളള (86) അന്തരിച്ചു.കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ കെ ബി ഗണേഷ് കുമാർ പത്തനാപുരത്ത് നിന്ന് നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സന്തോഷത്തിനു പിന്നാലെയാണ് ദുഃഖവാർത്തയും അണികളെ തേടിയെത്തിയത്.
കേരള കോണ്‍ഗ്രസ് (ബി) സ്ഥാപക നേതാവാണ്. മന്ത്രി, എം പി, എം എല്‍ എ, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ദീര്‍ഘകാലം കൊട്ടാരക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.വിദ്യാര്‍ത്ഥിയായിരിക്കെ രാഷ്ട്രീയത്തില്‍ എത്തിയ ബാലകൃഷ്‌ണ പിളള കെ പി സി സി നിര്‍വ്വാഹക സമിതിയിലും എ ഐ സി സിയിലും അംഗമായിരുന്നു. ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വ്യക്തി എന്ന അപൂര്‍വ്വതയും പിളളയുടെ പേരിലാണ്.
1963 മുതല്‍ തുടര്‍ച്ചയായി 27 വര്‍ഷം ഇടമുളയ്‌ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം 11 വര്‍ഷം കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചു. സി അച്യുതമേനോന്‍ മന്ത്രിസഭയില്‍ ഗതാഗത, എക്സൈസ്, ജയില്‍ വകുപ്പ് മന്ത്രിയായി ആദ്യമായി മന്ത്രിസ്ഥാനത്തെത്തിയ ബാലകൃഷ്‌ണ പിളള 1980-82, 82-85, 86-87 കാലഘട്ടങ്ങളില്‍ വൈദ്യുതിവകുപ്പ് മന്ത്രിയായിട്ടുണ്ട്.
1991-95, 2001-2004 കാലഘട്ടത്തില്‍ ഗതാഗതവകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചു.1971ല്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാലകൃഷ്‌ണ പിളള 1960, 1965,1977,1980,1982,1987,1991, 1996, 2001 എന്നീ വര്‍ഷങ്ങളില്‍ കേരള നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പരേതയായ ആര്‍ വത്സലയാണ് ഭാര്യ. മുന്‍ മന്ത്രിയും ചലച്ചിത്ര താരവുമായി ഗണേഷ് കുമാര്‍ മകനാണ്. ഉഷാ മോഹന്‍ ദാസ്, ബിന്ദു ബാലകൃഷ്‌ണന്‍ എന്നിവര്‍ മക്കളാണ്.
Post Your Comments