കൊല്‍ക്കത്ത: ബംഗാളിൽ മമതയുടെ തൃണമൂലിനെതിരെ എല്ലാ മണ്ഡലങ്ങളിലും ശക്തമായ പോരാട്ടം തന്നെയാണ് ബിജെപി കാഴ്ച വെച്ചത്. ഭരണം പിടിക്കാൻ കഴിയുമെന്ന വിശ്വാസമാണ് ബിജെപിക്കുണ്ടായിരുന്നത്. എന്നാൽ, പ്രതീക്ഷിച്ചപോലെ വിജയം കൈവരിക്കാന്‍ കഴിയാത്തതിന്റെ കാരണം പറയുകയാണ് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെയും ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെയും ഫലം തമ്മിൽ താരതമ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റാണ് ബി.ജെ.പിയ്ക്ക് ആകെ ലഭിച്ചത്. ഇത്തവണ അത് 80 ആയി ഉയര്‍ത്തി. ഒരു വലിയ ലക്ഷ്യമായിരുന്നു ഞങ്ങള്‍ക്ക് മുന്നില്‍. എന്നാല്‍ അത് നേടാനായില്ല. എന്നിരുന്നാലും ഞങ്ങള്‍ ഇപ്പോള്‍ നേടിയ വിജയം അത്രമോശമല്ല. മൂന്നിൽ നിന്നും ഒറ്റയടിക്ക് 80 ലഭിക്കുക എന്നത് അത്ര ചെറിയ കാര്യമാണോ?’, ദിലീപ് ഘോഷ് ചോദിക്കുന്നു.
ബംഗാളില്‍ നിലവില്‍ 212 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ബി.ജെ.പി 78 സീറ്റിലും ഇടത് ഒരു സീറ്റിലുമാണ് മുന്നിലുള്ളത്. ഒരുകാലത്ത് ബംഗാൾ ഭരിച്ചിരുന്ന സി പി എമ്മിന്റെ ഇന്നത്തെ അവസ്ഥ ശോകമാണ്. ഒരേയൊരു സീറ്റ് ആണ് സി പി എമ്മിന് ലഭിച്ചിരിക്കുന്നത്. ഇവിടെ ബിജെപിയുടെ വളർച്ചയ്ക്ക് സി പി എം കാരണമായിട്ടുണ്ടെന്നാണ് തൃണമൂൽ ആരോപിക്കുന്നത്.
ബംഗാളില്‍ അധികാരം പിടിച്ചെടുക്കുമെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടായിരുന്നു ബംഗാളില്‍ പ്രചരണം നയിച്ചത്. സംസ്ഥാനത്ത് 100 ന് മുകളില്‍ സീറ്റ് പിടിച്ചെടുക്കുമെന്നും ബി.ജെ.പി അവകാശപ്പെട്ടിരുന്നു. എന്നാൽ, പ്രതീക്ഷിച്ചത് പോലെ സംഭവിച്ചില്ല. എന്നിരുന്നാലും ബിജെപിയുടെ ഈ നേട്ടത്തെ ചെറുതാക്കി കാണാൻ സാധിക്കില്ല.
Post Your Comments