ഇടുക്കി: ഉടുമ്പന്‍ചോലയില്‍ സിറ്റിങ് എം.എൽ.എയും മന്ത്രിയുമായ എം.എം. മണി 38,305 വോട്ടുകൾക്ക് വിജയിച്ചു. ഇതോടെ എം.എം. മണിയോട് തോൽവി സമ്മതിച്ച് യു.ഡി.എഫ് സ്ഥാനാർഥി ഇ.എം. അഗസ്തി നാളെ തല മൊട്ട അടിക്കുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടു.
‘എം.എം. മണിക്ക് അഭിവാദ്യങ്ങൾ. തല കുനിച്ച് ജനവിധി മാനിക്കുന്നു. ശ്രീകണ്ഠൻ നായർ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാൻ പറഞ്ഞ വാക്ക് പാലിക്കുന്നു. നാളെ തല മൊട്ടയടിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കും. തെരഞ്ഞെടുപ്പ് വിലയിരുത്തൽ പിന്നീട് അറിയിക്കും’ ഇ.എം അഗസ്തി ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ, ചാനലുകളുടേത് പെയ്‌ഡ് സർവ്വേയാണെന്നും ഫലം മറിച്ചായാൽ ചാനൽ മേധാവി തല മുണ്ഡനം ചെയ്യുമോ എന്നും, എം.എം മണിയോട് തോറ്റാല്‍ തല മൊട്ടയടിക്കുമെന്നും ആഗസ്തി പറഞ്ഞിരുന്നു.
അതേസമയം, ഇ.എം ആഗസ്തി തല മൊട്ടയടിക്കരുതെന്ന അഭ്യർഥനയുമായി എം.എം മണി രംഗത്തെത്തി. ‘എന്റെ സുഹൃത്തുകൂടിയായ ഇ.എം. അഗസ്തി നല്ല മൽസരമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗിൽ പ്രതിഫലിച്ചത്. അത് ആഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണില്ലയെന്ന് പ്രതീക്ഷിക്കുന്നു’. മണ്ഡലത്തിന്റെ പൊതു വികസനത്തിൽ നമുക്ക് ഒന്നിച്ചു മുന്നേമെന്നും എം.എം. മണി ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments