തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ സദ്ഭരണത്തിനു ലഭിച്ച അംഗീകാരമാണ് എല്‍ഡിഎഫിനു ലഭിച്ച അഭിമാനകരമായ വിജയമെന്ന് ധനമന്ത്രി തോമസ് ഐസക്. ഈ ജനവിധിയുടെ പ്രത്യാഘാതം അഞ്ചുവര്‍ഷത്തേയ്ക്കായിരിക്കില്ല. അതിനപ്പുറത്തെ കാലത്തേയ്ക്കും ഇടതുപക്ഷത്തിന്റെ മേധാവിത്തത്തിന് ഈ വിജയം വഴിയൊരുക്കും. അതുകൊണ്ട് കേരളത്തിന്റെ സാമ്ബത്തിക അടിത്തറ വിജ്ഞാനാധിഷ്ഠിതമായി രൂപാന്തരപ്പെടുത്തുന്ന ഒരു ദീര്‍ഘനാള്‍ നയം ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യാം. കേരളത്തിന്റെ ഈ ബദല്‍ ദേശീയതലത്തില്‍ ഇടതുപക്ഷ വളര്‍ച്ചയ്ക്ക് ഉത്തേജകമാകും. മതനിരപേക്ഷതയില്‍ ഉറച്ചു നിന്നുകൊണ്ട് ജനപക്ഷ ബദല്‍ കേരളത്തില്‍ നടപ്പാക്കുമ്ബോള്‍ അതിന്റെ അനുരണനങ്ങള്‍ രാജ്യത്തെമ്ബാടും ഉണ്ടാകുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഐസക് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം :
പിണറായി സർക്കാരിന്റെ സദ്ഭരണത്തിനു ലഭിച്ച അംഗീകാരമാണ് എൽഡിഎഫിനു ലഭിച്ച അഭിമാനകരമായ വിജയം. രാഷ്ട്രീയ സമീപനത്തിലും ഭരണനടപടികളിലും എൽഡിഎഫിന്റെ ബദൽ അനുഭവിച്ചറിയുകയായിരുന്നു കേരളം. പ്രതിസന്ധിയുടെ കാലത്ത് കിറ്റും പെൻഷനുമെല്ലാം വഴി ജനങ്ങൾക്കു സമാശ്വാസം നൽകുന്നതിന് ഒരു പിശുക്കും കേരളം കാണിച്ചില്ല. ഇത് ഇന്ത്യയിലെ പൊതുസ്ഥിതിയിൽ നിന്നും എത്രയോ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. ഇങ്ങനെ സമാശ്വാസത്തിനും രോഗപ്രതിരോധത്തിനും പണം ചെലവഴിച്ചതുകൊണ്ട് വികസന പ്രവർത്തനങ്ങൾ മുടങ്ങിയില്ല. കിഫ്ബിയിലൂടെ നാടൊട്ടുക്ക് വികസനപദ്ധതികളുടെ നിർമ്മാണം ആരംഭിച്ചപ്പോൾ അത് സമ്പദ്ഘടനയ്ക്ക് ഉണർവായി. പണിയും കൂലിയുമുണ്ടായി. ഇന്ത്യയിലാകെ സർക്കാരുകൾ ചെലവു ചുരുക്കലിന്റെ യാഥാസ്ഥിതിക ധനനയം പിന്തുടർന്നപ്പോൾ, കേരളം വ്യത്യസ്തമായി നിലകൊണ്ടു.
ഈ പണികൾ നിർബാധം നടക്കുമ്പോഴും അതുമായി ബന്ധപ്പെട്ട് ഒരു അഴിമതിയാരോപണവും ഉയർന്നില്ല എന്നോർമ്മിക്കുക. ഭരണനേതൃത്വം പൂർണമായും അഴിമതി വിമുക്തമായി. പാലാരിവട്ടം പാലം അഴിമതിയുടെ നിത്യസ്മാരകമായി നിലനിന്നപ്പോഴാണ്, എൽഡിഎഫ് ഈ വിശ്വാസ്യത ആർജിച്ചത് എന്ന് പ്രത്യേകം ഓർമ്മിക്കണം.
പ്രളയത്തിന്റെയും കോവിഡിന്റെയും കാലത്ത് ഒരു ജനപക്ഷ സർക്കാരിനെ ഹൃദയംകൊണ്ട് അനുഭവിക്കുകയായിരുന്നു കേരളം. അസാമാന്യമായ നേതൃപാടവത്തോടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ മുന്നിൽ നിന്നു നയിച്ചു. ഭൂപടത്തിന്റെ അതിരുകൾ മറികടന്ന് മലയാളി ഒരു ശരീരവും മനസുമായി. പ്രതിസന്ധിയുടെ ആ ഘട്ടത്തിൽ ഇടതുപക്ഷ സർക്കാർ മലയാളിയുടെ സർക്കാരായി മാറി.
ഈ സമയത്ത് പ്രതിപക്ഷം എന്താണ് ചെയ്തത് കിഫ്ബിയെയും കിറ്റിനെയും അവർ പരിഹസിച്ചു. നാട്ടിലാകെ സ്കൂളും കോളജും ആശുപത്രിയും റോഡും പാലവുമായി കിഫ്ബി പ്രോജക്ടുകൾ യാഥാർത്ഥ്യമായപ്പോൾ ഒന്നും നടക്കുന്നില്ലെന്നും വെറും പ്രചരണമാണെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ വായ്ത്താരി. വികസനപദ്ധതികൾ കണ്ണു തുറന്നു കണ്ട ജനങ്ങൾക്കു മുന്നിൽ സ്വയം അപഹാസ്യരാവുകയിരുന്നു പ്രതിപക്ഷം. നിലവിട്ട പരിഹാസവും പദവിയ്ക്കു ചേരാത്ത അധിക്ഷേപവുമായി അൽപത്തരങ്ങളുടെ ഘോഷയാത്രയായിരുന്നു പ്രതിപക്ഷവിമർശനത്തിലാകെ. ഏതെങ്കിലും ഘട്ടത്തിൽ കേരള ജനത പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തോ എന്ന് എനിക്കു സംശയമുണ്ട്. പൊതുപ്രവർത്തകർക്ക് ഒരിക്കലും ഭൂഷണല്ലാത്ത പകയും അസൂയയും വ്യക്തിവിദ്വേഷവുമാണ് പല പ്രതിപക്ഷനേതാക്കളുടെയും മൂലധനം. ഈ നിഷേധ രാഷ്ട്രീയത്തിന്റെ കരണത്തേറ്റ പ്രഹരമാണ് തിരഞ്ഞെടുപ്പു ഫലം. ജനങ്ങളുടെ അനുഭവത്തെ പരിഹസിക്കുന്നതാണ് രാഷ്ട്രീയപ്രവർത്തനമെന്നു ധരിച്ചാൽ മറ്റെന്താണ് ലഭിക്കുക? യുഡിഎഫ് രാഷ്ട്രീയത്തിനു ഭാവി വേണമെങ്കിൽ അവർ കഴിഞ്ഞൊരു വർഷക്കാലമായി സ്വീകരിച്ചുവരുന്ന സമീപനം തിരുത്തിയേ തീരൂ.
ബിജെപിക്കു കേരളത്തിൽ ഒരു ഭാവിയുമില്ല. ഉണ്ടായിരുന്ന സീറ്റ് പോയെന്നു മാത്രമല്ല, ബിജെപിയുടെ വോട്ടിംഗ് ശതമാനവും ഗണ്യമായി കുറഞ്ഞു. ഇങ്ങനെ തോൽക്കാനും വോട്ടു വിൽക്കാനും നടക്കുന്നവർക്ക് ചെലവഴിക്കാൻ അവരുടെ കേന്ദ്രനേതൃത്വം കോടിക്കണക്കിനു രൂപ നൽകുന്നതാണ് അതിശയം. തെരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസ് നേതാക്കന്മാർ ഭീഷണിപ്പെടുത്തിയതുപോലെ കുറച്ചു കോൺഗ്രസുകാർ ബിജെപിയിൽ ചേക്കേറുമായിരിക്കും. എന്നാലും കേരള രാഷ്ട്രീയത്തിൽ ഭരണകക്ഷിയാകുന്നകാര്യം ബിജെപിക്കു സ്വപ്നം കാണാനാവില്ല. കേരളത്തിലെ സാമൂഹ്യഘടനയായി അതു പൊരുത്തപ്പെടില്ല.
അതുകൊണ്ടാണ് ഈ ജനവിധിയുടെ പ്രത്യാഘാതം അഞ്ചുവർഷത്തേയ്ക്കായിരിക്കില്ല എന്നു പറയുന്നത്. അതിനപ്പുറത്തെ കാലത്തേയ്ക്കും ഇടതുപക്ഷത്തിന്റെ മേധാവിത്തത്തിന് ഈ വിജയം വഴിയൊരുക്കുന്നു. അതുകൊണ്ട് കേരളത്തിന്റെ സാമ്പത്തിക അടിത്തറ വിജ്ഞാനാധിഷ്ഠിതമായി രൂപാന്തരപ്പെടുത്തുന്ന ഒരു ദീർഘനാൾ നയം ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യാം. കേരളത്തിന്റെ ഈ ബദൽ ദേശീയതലത്തിൽ ഇടതുപക്ഷ വളർച്ചയ്ക്ക് ഉത്തേജകമാകും. മതനിരപേക്ഷതയിൽ ഉറച്ചു നിന്നുകൊണ്ട് ജനപക്ഷ ബദൽ കേരളത്തിൽ നടപ്പാക്കുമ്പോൾ അതിന്റെ അനുരണനങ്ങൾ രാജ്യത്തെമ്പാടും ഉണ്ടാകും.
ദേശീയ മാധ്യമങ്ങളിലടക്കം കേരളത്തിനു ലഭിക്കുന്ന പ്രാധാന്യം അതിന്റെ സൂചനയാണ്. സാമ്പത്തിക നയങ്ങളിലും രാഷ്ട്രീയ നിലപാടുകളിലും ഇടതുപക്ഷ ബദലിന്റെ ശക്തമായ മാതൃകയായി കേരളത്തെ ദേശീയതലത്തിൽ പ്രതിഷ്ഠിക്കുന്ന തെരഞ്ഞെടുപ്പു വിജയമാണിത്.
https://www.facebook.com/thomasisaaq/posts/4603789389637166
Post Your Comments