മുംബൈ: കോവിഡ് വ്യാപനം മൂലം രാജ്യത്ത് ഉണ്ടായ ഓക്സിജൻ ലഭ്യതയിലെ കുറവ് പരിഹരിക്കാനുളള പ്രവർത്തനങ്ങളിൽ പങ്കാളികളായി മഹീന്ദ്ര ഗ്രൂപ്പും. മെഡിക്കൽ ഓക്സിജൻ ഉത്പാദന പ്ലാന്റുകളിൽ നിന്നും ആശുപത്രികളിലേക്കും വീടുകളിലേക്കും എത്തിക്കാനുളള ‘ഓക്‌സിജൻ ഓൺ വീൽസ്’ പദ്ധതിക്കാണ് കമ്പനി തുടക്കമിട്ടത്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് പദ്ധതി ഫ്‌ളാഗ് ഓഫ് ചെയ്തത്. മഹാരാഷ്ട്രയിലെ കോവിഡ് ബാധിതർക്കാണ് തുടക്കത്തിൽ സേവനം ലഭിക്കുക.
‘രാജ്യത്തെ മരണ നിരക്ക് കുറയ്ക്കാൻ നിലവിലെ സാഹചര്യത്തിൽ ഓക്‌സിജൻ നിർണായകമാണ്. ഓക്‌സിജൻ ഉത്പാദനം മാത്രമല്ല പ്രശ്‌നം, അത് പ്ലാന്റുകളിൽ നിന്നും ആശുപത്രികളിലേക്കും മറ്റ് കേന്ദ്രങ്ങളിലേക്കും എത്തുന്നില്ലെന്നതാണ്’. ഈ പ്രശ്നം പരിഹരിക്കാനാണ് ഓക്‌സിജൻ ഓൺ വീൽസിലൂടെ ശ്രമിക്കുന്നതെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
കമ്പനിയുടെ ജനപ്രിയ പിക്കപ്പ് വാഹനങ്ങളാണ് ഓക്‌സിജൻ കൊണ്ടുപോകാനായി മഹീന്ദ്ര ക്രമീകരിച്ചിരിക്കുന്നത്. തടസമില്ലാത്ത യാത്ര ഒരുക്കുന്നതിനായി കൺട്രോൾ സെന്ററും സജജീകരിച്ചിട്ടുണ്ട്. പൂനെയിൽ അടക്കം പദ്ധതി ആരംഭിക്കാൻ കഴിഞ്ഞതായും, ഇതിനോടകം തന്നെ അടിയന്തിര ആവശ്യമുളള 13 ആശുപത്രികൾക്കായി 61 ജംബോ സിലിണ്ടറുകൾ എത്തിച്ചുകഴിഞ്ഞതായും ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.
Post Your Comments