ഡല്‍ഹി: ഐപിഎല്ലില്‍ ഇന്ന് കരുത്തന്‍മാരുടെ പോരാട്ടം. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. ഫിറോസ് ഷാ കോട്‌ലയില്‍ രാത്രി 7.30നാണ് മത്സരം നടക്കുക.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിജയക്കുതിപ്പിന് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. തുടര്‍ച്ചയായ അഞ്ച് വിജയങ്ങളുമായി മുന്നേറുന്ന സിഎസ്‌കെ മികച്ച ഫോമിലാണ്. ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലസിയും ഋതുരാജ് ഗെയ്ക്വാദും നല്‍കുന്ന തുടക്കമാണ് ചെന്നൈയുടെ കരുത്ത്. രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവും ദീപക് ചഹറിന്റെ വിക്കറ്റ് വേട്ടയും ചെന്നൈയ്ക്ക് പ്ലസ് പോയിന്റാണ്.
മറുഭാഗത്ത് ബാറ്റ്‌സ്മാന്‍മാരുടെ ഫോമില്ലായ്മയാണ് മുംബൈ ഇന്ത്യന്‍സിനെ പ്രതിരോധത്തിലാക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ക്വിന്റണ്‍ ഡീകോക്ക് ഫോമിലേയ്ക്ക് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ രോഹിത് ശര്‍മ്മയും ഹര്‍ദിക് പാണ്ഡ്യയും കീറോണ്‍ പൊള്ളാര്‍ഡും ഉള്‍പ്പെടെയുള്ള താരങ്ങള്‍ യഥാര്‍ത്ഥ ഫോം കണ്ടെത്താന്‍ പാടുപെടുകയാണ്. ജസ്പ്രീത് ബൂമ്രയും ട്രെന്‍ഡ് ബോള്‍ട്ടും ദീപക് ചഹറും അണിനിരക്കുന്ന ബൗളിംഗ് നിരയുടെ പ്രകടനം മാത്രമാണ് മുംബൈ ക്യാമ്പിന് ആശ്വസിക്കാന്‍ വക നല്‍കുന്നത്.
ആറ് മല്‍സരങ്ങളില്‍ നിന്നും അഞ്ച് ജയവും ഒരു തോല്‍വിയുമടക്കം 10 പോയിന്റുമായാണ് സിഎസ്‌കെ ലീഗില്‍ തലപ്പത്തു നില്‍ക്കുന്നത്. ആറ് മല്‍സരങ്ങളില്‍ നിന്നും മൂന്നു വീതം ജയവും തോല്‍വിയുമടക്കം ആറ് പോയിന്റുമായി മുംബൈ നാലാം സ്ഥാനത്താണ്. അതിനാല്‍ ചെന്നൈയ്‌ക്കെതിരായ മത്സരം മുംബൈയ്ക്ക് ഏറെ നിര്‍ണായകമാണ്.
Post Your Comments