ന്യൂഡൽഹി: മൃഗസംരക്ഷണ പ്രദേശങ്ങളിലും നാഷണൽ പാർക്കുകളിലും വിനോദസഞ്ചാരികൾക്ക് നിയന്ത്രണം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. കോവിഡ് വൈറസ് ബാധ മൃഗങ്ങളിലും പടരാൻ തുടങ്ങിയതായി മന്ത്രാലയം അറിയിച്ചു.
Read Also: ബെറൂച്ചിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
കോവിഡ് ബാധിച്ചതിനെ തുടർന്ന് ഏഷ്യാട്ടിക് സിംഹം മരിച്ചെന്ന വാർത്തയും മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്കായി തുറന്ന് കൊടുത്തിരിക്കുന്ന നാഷണൽ പാർക്കുകൾ, മൃഗസംരക്ഷണ പ്രദേശങ്ങൾ, സംരക്ഷിത വന മേഖലകൾ എന്നിവ അടച്ചിടണമെന്നാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. നാഷണൽ പാർക്കുകളിലേക്കും മറ്റുമുള്ള ആളുകളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
ഇത്തരം പ്രദേശങ്ങളോട് ചേർന്ന് താമസിക്കുന്ന ആളുകൾ, മറ്റ് ഗ്രാമീണർ എന്നിവരുടെ കാര്യത്തിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച എല്ലാ വ്യവസ്ഥകളും പാലിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. സംരക്ഷിത മേഖലകളിലേക്ക് കൂടുതൽ സഞ്ചാരികളെത്തിയാൽ മൃഗങ്ങൾക്കിടയിൽ മാരകമായ രീതിയിൽ പകർച്ചവ്യാധി പടരുന്നതിനുള്ള സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും വൈറസ് പകർന്നേക്കാമെന്നാണ് മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. വൈറസ് വ്യാപനം തടയുന്നതിന് മൃഗങ്ങളെ അടിയന്തിരമായി ചികിത്സക്ക് വിധേയമാക്കാനും അവയെ പ്രകൃതിദത്ത ആവാസ വ്യവസ്ഥകളിലേക്ക് സുരക്ഷിതമായി വിട്ടയക്കുന്നതിനുമുള്ള സേവനങ്ങൾ ആരംഭിക്കാനും മന്ത്രാലയം സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments