തിരുവനന്തപുരം: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഒരു മണ്ഡലമാണ് നേമം. പതിറ്റാണ്ടുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ താമര വിരിഞ്ഞ നേമം മണ്ഡലത്തിൽ ഓ രാജഗോപാലിന്റെ പ്രവർത്തനങ്ങൾക്കു തുടർച്ചയായി കുമ്മനം രാജശേഖരൻ എത്തുമോ എന്ന ചർച്ച സജീവമാണ്. കേരളത്തില്‍ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്തെ മത്സരം അതുകൊണ്ടു തന്നെയാണ് ദേശീയ ശ്രദ്ധയാകർഷിക്കുന്നതും.
സിറ്റിംഗ് സീറ്റ് നിലനിർത്താന്‍ ബിജെപിയ്ക്കായി കുമ്മനം രാജശേഖരനും കഴിഞ്ഞ തവണ കൈവിട്ട ജയം തിരിച്ചുപിടിക്കാൻ ഇടത് കോട്ടയ്ക്ക് വേണ്ടി വി ശിവന്‍കുട്ടിയും രംഗത്ത് എത്തിയപ്പോൾ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയായി വന്നത് വടകര എം പിയായ കെ മുരളീധരനാണ്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ വിജയം ആർക്കൊപ്പം ആയിരിക്കും എന്ന ആശങ്കയിലാണ് മുന്നണികൾ എല്ലാം. നേമത്തെ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ കെ മുരളീധരന് തന്നെയാണ് മുന്‍തൂക്കമെന്നു ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ പോസ്റ്റ് പോൾ സര്‍വേ ഫലം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ വി ശിവന്‍കുട്ടി 59,142 വോട്ടുകളും ബിജെപിയുടെ ഒ രാജഗോപാല്‍ 67,813 വോട്ടുകളുമാണ് കഴിഞ്ഞ തവണ നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ വി സുരേന്ദ്രന്‍ പിള്ളക്ക് ആകെ ലഭിച്ചത് 13,860 വോട്ടുകളാണ്. ബിജെപിയും സിപിഎമ്മും പോരാട്ടം കടുപ്പിച്ചപ്പോള്‍ തകർന്നടിഞ്ഞ യുഡിഎഫ് ഇത്തവണ കളം തിരിച്ചു പിടിക്കാനായാണ് കോൺഗ്രസിന്റെ ശക്തനായ നേതാവിനെത്തന്നെ മത്സരരംഗത്ത് കൊണ്ടുവന്നത്. ബിജെപിയില്‍ നിന്ന് നേമം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. ബിജെപി രണ്ടാം സ്ഥാനത്തും സിപിഎം മൂന്നാമതും പോകുമെന്നാണ് പ്രവചനം
ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങൾ വോട്ടായി പ്രതിഫലിക്കുമെങ്കിൽ വിജയം നേടുന്നത് ആരെന്നു അറിയാൻ മണിക്കൂറുകൾ കൂടി കാത്തിരിക്കണം.
Post Your Comments