തിരുവനന്തപുരം: കോവിഡ് മഹാമാരി വ്യാപിക്കുന്ന സാഹചര്യത്തിലും സാധാരണക്കാരെ വട്ടംകറക്കി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. മെഡിക്കല്‍ കൊളേജ് വളപ്പിലുള്ള എസ്‌എടി താല്‍ക്കാലിക മരുന്ന് വിതരണ കേന്ദ്രം കോര്‍പറേഷന്‍ മേയര്‍ നേരിട്ടെത്തി പൂട്ടിച്ചു. തലസ്ഥാന നഗരത്തിലെ ഏറ്റവും വിലകുറച്ച് മരുന്നുകളും, മെഡിക്കല്‍ ഉപകരണങ്ങളും വില്‍ക്കുന്ന സ്ഥലമാണ് എസ്‌എടി ഡ്രഗ് ഹൗസ്. 10 രൂപയ്ക്ക് N95 മാസ്കും, രണ്ട് രൂപയ്ക്ക് സര്‍ജിക്കല്‍ മാസ്കും അടക്കം ലഭിച്ചിരുന്ന സ്ഥലമാണിത്. കോര്‍പറേഷന്‍ വിശ്രമകേന്ദ്രത്തിനായി എസ്‌എടി ആശുപത്രിയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍, താല്‍ക്കാലികമായി മരുന്ന് വിതരണ കേന്ദ്രം പ്രവര്‍ത്തിച്ചതിനാണ് മേയറുടെ നടപടി. എന്നാൽ എസ്‌എടി ഡ്രഗ് സെന്ററിന്റെ കെട്ടിട നിര്‍മ്മാണം നടക്കുന്നതിനാലാണ് താല്‍ക്കാലിക കേന്ദ്രത്തിലേയ്ക്ക് മരുന്ന് വിതരണം മാറ്റിയത്. കോര്‍പറേഷന് നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ആശുപത്രിയ്ക്കകത്തെ വിശ്രമ കേന്ദ്രത്തിലേയ്ക്കാണ് താല്‍ക്കാലികമായി മരുന്നുകള്‍ മാറ്റിയത്. ആദ്യം കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഡി. ആര്‍. അനില്‍ നേരിട്ടെത്തി മരുന്ന് വിതരണം വിശ്രമ കേന്ദ്രത്തില്‍ നിന്ന് മാറ്റണമെന്ന് അറിയിച്ചു. പിന്നാലെ മേയറെയും കൂട്ടി കൗണ്‍സിലര്‍ എത്തി, താല്‍ക്കാലിക കെട്ടിടത്തിലെ ഡ്രഗ് ഹൗസ് പൂട്ടി താക്കോലുമായി പോയി.
അതേസമയം കോര്‍പറേഷന്‍ നിര്‍മ്മിച്ച് നല്‍കിയ കെട്ടിടമാണെങ്കിലും അതിന്റെ ഉപയോഗം തീരുമാനിക്കേണ്ടത് ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരാണ്. ഡ്രഗ് ഹൗസ് കെട്ടിടം നിര്‍മ്മാണത്തിലിരിക്കുന്നതിനാല്‍ സൂപ്രണ്ട് ഡോക്ടര്‍ സന്തോഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഡ്രഗ് ഹൗസിന്റെ പ്രവര്‍ത്തനം വിശ്രമകേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. കോവിഡ് കൂടിയാല്‍ കൂടുതല്‍ കിടക്കള്‍ ഇവിടെ ഇടാന്‍ അടക്കം പദ്ധതിയുണ്ടായിരിന്നു. സൂപ്രണ്ട് പറയുന്നത് പോലും കേള്‍ക്കാതെയായിരുന്നു കോര്‍പറേഷന്‍ മേയറുടെ പ്രവര്‍ത്തനം. ആശുപത്രി സൂപ്രണ്ട് അടക്കം അംഗങ്ങളായ സൊസൈറ്റിയാണ് എസ്‌എടി ഡ്രഗ് ഹൗസ് നടത്തുന്നത്. സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളുടെ ചൂഷണത്തില്‍ നിന്ന് രോഗികള്‍ക്ക് ആശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രഗ് ഹൗസ് തുടങ്ങിയത്. മറ്റ് എവിടെയും കിട്ടുന്നതിനെക്കാള്‍ വിലക്കുറവില്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ഇവിടെ ലഭിക്കാറുമുണ്ട്. അതിനാല്‍ തന്നെ എപ്പോഴും അവശ്യക്കാരുടെ വന്‍ തിരക്കാണ് ഇവിടെ. തങ്ങള്‍ക്ക് നടത്തിപ്പ് ചുമതല ഉള്ള കെട്ടിടം മരുന്ന് വിതരണത്തിനായി സൊസൈറ്റിയ്ക്ക് നല്‍കില്ലെന്നും, വിശ്രമ കേന്ദ്രത്തിന് അനുവദിച്ചാല്‍ അതിന് തന്നെ അത് ഉപയോഗിക്കണമെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. അത്തരത്തില്‍ സൂപ്രണ്ടിനോട് പറഞ്ഞിട്ടും നടക്കാത്തതിനാലാണ് പൂട്ടി താക്കോല്‍ എടുത്തതെന്നും മേയര്‍ വിശദീകരിച്ചു.
Post Your Comments