നാഗ്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പുരില്‍ യുവാവിന് വേണ്ടി ആശുപത്രി കിടക്ക വിട്ടുനല്‍കിയ കോവിഡ് ബാധിച്ച 85കാരനായ സ്വയം സേവകൻ അന്തരിച്ചു. നാഗ്പുര്‍ സ്വദേശിയായ നാരായണ്‍ ദബാല്‍ക്കറാണ് ശരീരത്തില്‍ ഓക്സിജന്റെ അളവ് താഴ്ന്നതിനെ തുടര്‍ന്ന് വീട്ടില്‍വെച്ച് മരിച്ചത്.
ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നാരായണ്‍. കോവിഡ് ബാധിതനായ 40കാരന് അത്യാസന്ന നിലയില്‍ ആശുപത്രിയിലെത്തിയതോടെ തന്റെ സ്വന്തം കിടക്ക നാരായൺ വിട്ടുനല്‍കുകയായിരുന്നു. തനിക്ക് ഇത്രയും വയസായെന്നും ഇനി ജീവിതം ഉള്ളത് 40 കാരനാണെന്നും നാരായൺ അപ്പോൾ പറഞ്ഞിരുന്നു.
ഏപ്രില്‍ 22നാണ് നാരയണിനെ നാഗ്പുര്‍ മുനിസിപ്പല്‍ കോര്പറേഷന് കീഴിലെ ഇന്ദിര ഗാന്ധി രുഗ്നാലയിലെത്തിക്കുന്നത്. രോഗികളുടെ എണ്ണം കൂടുതലുള്ളതിനാല്‍ ഇദ്ദേഹത്തെ കാഷ്വാലിറ്റി വാര്‍ഡില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വാര്‍ഡിനകത്ത് ഒരു സ്ത്രീ ഡോക്ടര്‍മാരോട് തന്റെ ഭര്‍ത്താവിനെ രക്ഷിക്കണമെന്ന് കരഞ്ഞ് അപേക്ഷിക്കുകയും ആശുപത്രിയില്‍ ഇടം നല്‍കുകയും ചെയ്യണമെന്ന് പറയുന്നത് നാരായണിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതോടെ നാരായണ്‍ ആശുപത്രി കിടക്ക യുവാവിനായി വിട്ടുനല്‍കി.
വളരെ പരിശ്രമത്തിന് ശേഷമാണ് ആശുപത്രിയില്‍ കിടക്ക ലഭിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് മകള്‍ ആസാവാരി പറഞ്ഞു. എന്റെ ജീവിതം ഇതിനോടകം ജീവിച്ചുകഴിഞ്ഞു. എന്നെക്കാള്‍ ചെറുപ്പമായ ഒരു രോഗിയുടെ അവസരം ഞാനായി തട്ടികളയുന്നില്ലെന്നും നാരായണ്‍ പറഞ്ഞതായി മകള്‍ കൂട്ടിച്ചേര്‍ത്തു. നാരായണിന്റെ ആരോഗ്യനില മോശമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നുവെന്നും ഡിസ്ചാര്‍ജ് നല്കാന് വിസമ്മതിച്ചിരുന്നതായും മകള്‍ പറഞ്ഞു. എന്നാല്‍ നിര്‍ബന്ധപൂര്‍വം പിതാവ് ആശുപത്രിവിടുകയായിരുന്നുവെന്നും മകള്‍ പറഞ്ഞു.
Post Your Comments