കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപിക്കുമ്പോള്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ലഭിക്കുന്നത് ഇപ്പോള്‍ ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരണപ്പെടുന്ന വാര്‍ത്തകള്‍ക്കിടെയാണ് സുഹൃത്തിന് കിലോമീറ്ററുകള്‍ താണ്ടി യുവാവ് ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ചു നല്‍കിയത്.
ജാര്‍ഖണ്ഡിലെ ബൊക്കാരോയില്‍ നിന്നുള്ള 38 കാരനായ ഒരു സ്‌കൂള്‍ അദ്ധ്യാപകനാണ് കോവിഡ് ബാധിത സുഹൃത്തിന്റെ ഫോണ്‍ ലഭിച്ചയുടന്‍ സിലിണ്ടര്‍ അന്വേഷിച്ച് ഇറങ്ങിയത്. ബൊക്കാരോയിലെ സെക്ടര്‍ 4 ല്‍ താമസിക്കുന്ന ദേവേന്ദ്ര കുമാര്‍ ശര്‍മ ഗ്യാസ് നിറച്ച സിലിണ്ടറുമായി 24 മണിക്കൂറിനുള്ളില്‍ 1,400 കിലോമീറ്റര്‍ സഞ്ചരിച്ച് ഉത്തര്‍പ്രദേശിലുള്ള സുഹൃത്ത് രഞ്ജന്‍ അഗര്‍വാളിന്റെ അടുത്തെത്തുകയും ചെയ്തു.
രഞ്ജന്‍ അഗര്‍വാളിന്റെ മാതാപിതാക്കളും ആശുപത്രിയും ഡോക്ടര്‍മാരും ഓക്‌സിജന്‍ സിലിണ്ടര്‍ സംഘടിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് ദേവേന്ദ്രയെ ഇവര്‍ ഫോണ്‍ ചെയ്തത്. 24 മണിക്കൂറില്‍ ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ രഞ്ജന്റെ ജീവന്‍ തന്നെ അപകടത്തിലാകുന്ന അവസ്ഥയായിരുന്നു. ഇതോടെ ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് അദ്ദേഹം കാറില്‍ നോയിഡയിലേക്ക് പുറപ്പെടുകയായിരുന്നു.
ദേവേന്ദ്ര ബൊക്കാരോയിലെ നിരവധി ഓക്‌സിജന്‍ പ്ലാന്റുകളും വിതരണക്കാരും സന്ദര്‍ശിച്ചെങ്കിലും റീഫില്‍ ആവശ്യമുള്ള ശൂന്യമായ സിലിണ്ടറുകള്‍ മാത്രമേ നല്‍കൂവെന്നാണ് അവര്‍ പറഞ്ഞത്. അവസാനം, ബാലിദി വ്യവസായ മേഖലയിലെ ജാര്‍ഖണ്ഡ് സ്റ്റീല്‍ ഓക്‌സിജന്‍ പ്ലാന്റിന്റെ ഓപ്പറേറ്ററെ സമീപിച്ചതോടെ അദ്ദേഹത്തിന് സൗജന്യമായി തന്നെ ഓക്‌സിജന്‍ സിലിണ്ടര്‍ ലഭിച്ചു.
Read More: കോവിഡ് മരണനിരക്ക് റെക്കോർഡിലേക്ക് ; സമ്പൂർണ്ണ ലോക്ക് ഡൗണിനൊരുങ്ങി പാകിസ്ഥാൻ
‘തന്നെ ബീഹാറിലും യുപിയിലും രണ്ടുതവണ പോലീസ് തടഞ്ഞുവെന്നും എന്നാല്‍ സ്ഥിതിഗതികള്‍ വിശദീകരിച്ച ശേഷം മുന്നോട്ട് പോകാന്‍ അനുവദിച്ചതായും അധ്യാപകന്‍ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് നോയിഡയിലെത്തിയ അദ്ദേഹം ഓക്‌സിജന്‍ സിലിണ്ടര്‍ ആശുപത്രിയില്‍ ഏല്‍പ്പിച്ചു. അതേസമയം രഞ്ജന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ദേവേന്ദ്ര അദ്ദേഹത്തോടൊപ്പം നോയിഡയിലുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments