Latest NewsKeralaNews

ഫോർവേഡ് ബ്ലോക്കിൽ പൊട്ടിത്തെറി, വി. റാം മോഹനെ പാർട്ടി നിന്നും പുറത്താക്കി; ഔദ്യോഗിക വിഭാഗം യു.ഡി.എഫിനൊപ്പം

വി.റാം മോഹനെ മൂന്ന് വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുൾപ്പെടെ പുറത്താക്കി

കൊല്ലം: ഐക്യജനാധിപത്യ മുന്നണിയിലെ ഔദ്യോഗിക ഘടകകക്ഷികളിലൊന്നായ ഫോർവേഡ് ബ്ലോക്കിൽ പൊട്ടിത്തെറി. ദേശീയ കൗൺസിൽ അംഗം മനോജ് ശങ്കരനെല്ലൂരിൻ്റെ അധ്യക്ഷതയിൽ ഓൺലൈനായി കൂടിയ സംസ്ഥാന കൗൺസിൽ യോഗം പാർട്ടിയിൽ നിന്നും വി.റാം മോഹനെ മൂന്ന് വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുൾപ്പെടെ പുറത്താക്കി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു.

കഴിഞ്ഞ ഒന്നര വർഷമായി പാർട്ടിയിൽ ഉണ്ടായ വന്ന വിഭാഗിയെ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചു, തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പൊതു സമൂഹത്തിൽ പാർട്ടിയെ അപഹാസ്യമാക്കി എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ കുറേ മാസങ്ങളായി ഫോർവേഡ് ബ്ലോക്കിൽ ചരിത്രത്തിൻ്റെ പേരിൽ ആശയപരമായ അഭിപ്രായ ഭിന്നത ശക്തമായിരുന്നു. 1939 ൽ കെ.പി.സി.സിയുടെ പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച് മുഹമ്മദ് അബ്ദുറഹ്ഹ്മാൻ സാഹിബ് പ്രസിഡൻ്റായി കേരളത്തിൽ പ്രവർത്തനമാരംഭിച്ച ഫോർവേഡ് ബ്ലോക്കിൻ്റെ സ്ഥാപകൻ കൈപ്പുഴ വേലപ്പൻ നായരാണ് എന്ന അവകാശവാദത്തിനെതിരെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന് ശേഷം പാർട്ടിയിൽ അഭിപ്രായം ശക്തമായിരുന്നു. ദേശിയ കമ്മിറ്റിയുടെ ഇടപെടലാണ് അന്ന് വൻ പൊട്ടിത്തെറിയിലേക്ക് പോകാതെ പാർട്ടിയെ പിടിച്ചു നിർത്തിയത്.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം കൗൺസിൽ വിളിക്കാം എന്ന് ഉറപ്പ് ലഭിച്ചതോടെയാണ് അന്ന് പ്രശ്നങ്ങൾക്ക് താല്കാലിക പരിഹാരം കണ്ടത്.

read also:അച്ഛനെ കടിച്ച തെരുവു നായയെ കണ്ടെത്തി ക്രൂരമായി തല്ലിക്കൊന്ന 17കാരനെതിരെ കേസെടുത്തു

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിയുടെ ഭാഗമായി മത്സരിച്ചിട്ടു പോലും പാർട്ടി വീണ്ടും വട്ടപൂജ്യമായി. കഴിഞ്ഞ 35 കൊല്ലത്തിനിടയയിൽ ഒരു പഞ്ചായത്ത് മെംബറേ പോലും ജയിപ്പിക്കാൻ കഴിയാത്ത നേതൃത്വത്തിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്ത് വരികയും വീണ്ടും പാർട്ടിയിൽ വിഭാഗിയത ശക്തമാകുകയായിരുന്നു. ഒരു പഞ്ചായത്ത് മെംബറെ പ്പോലും ഉണ്ടാക്കാൻ കഴിയാത്ത ഗതികേടിലേക്ക് പാർട്ടിയെ എത്തിച്ചത് റാം മോഹൻ്റെ പാർട്ടിയെ വഞ്ചിച്ചു കൊണ്ടുള്ള നിലപാടുകളും പണത്തിനോടുള്ള ആർത്തിയുമാണ്.

റാം മോഹൻ്റെ നേതൃത്വത്തിൽ ഇത്തവണ തിരുവനന്തപുരം കോർപ്പറേഷനിലടക്കം യു.ഡി.എഫ് ഘടകകക്ഷി എന്ന നിലയിൽ കിട്ടിയ സീറ്റ് ലക്ഷങ്ങൾക്ക് വിൽക്കുകയായിരുന്നു ചെയ്തത്.തിരുവനന്തപുരം കോർപ്പറേഷനിലെ നെടുങ്കാട് ഡിവിഷൻ പത്മകുമാർ എന്ന വ്യക്തിക്ക് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായി ചേർന്ന് ലക്ഷങ്ങൾക്ക് വിലപേശി കച്ചവടമുറപ്പിക്കുകയായിരുന്നു. തുടർന്ന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരു സീറ്റിൽ പോലും വിജയിക്കാനാവാത്ത തരത്തിൽ പാർട്ടിയെ എത്തിച്ചത് വി.റാം മോഹൻ്റെ ഇത്തരം പ്രവൃത്തികളാണ്.

read also:സുരക്ഷാ ഭീഷണി; സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം

നിയമസഭാ സീറ്റിൽ പാർട്ടിക്ക് ലഭിക്കേണ്ട ഉറച്ച ഒരു സീറ്റ് നഷ്ടപ്പെടുത്തിയത് റാംമോഹൻ്റെ ദുഷ്ടലാക്കോടെയുള്ള ചില ഇടപെടലുകളാണ്. ജാതി പറഞ്ഞ് പാർട്ടിയിൽ വിഭാഗീയത ഉണ്ടാക്കുകയും ധർമ്മടം സീറ്റിൽ ദേശീയ സെക്രട്ടറി ജി.ദേവരാജൻ മത്സരിക്കുന്നതിനെതിരെ കേന്ദ്ര നേതൃത്വത്തിനോട് തെറ്റായ ധാരണകൾ നൽകി പാർട്ടിയെ മുന്നണിയിലെ ഔദ്യോഗിക കക്ഷിയായിട്ടും സീറ്റില്ലാത്ത പാർട്ടിയാക്കിയത് റാം മോഹൻ്റെ പ്രവർത്തനഫലമായിട്ടാണ് എന്ന് പാർട്ടിക്ക് ബോധ്യപ്പെട്ടിരിക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി എന്നും പുറത്താക്കൽ നടപടി വിശദീകരിച്ചു കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനോജ് ശങ്കരനെല്ലൂരും സംസ്ഥാന കൗൺസിൽ അംഗങ്ങളും നൽകിയ സംയുക്ത പത്ര പ്രസ്താവനയിൽ പറയുന്നു. ഫോർവേഡ് ബ്ലോക്ക് പ്രതിനിധി എന്ന നിലയിൽ യു.ഡി.എഫിൽ നിലവിൽ റാം മോഹൻ വഹിക്കുന്ന പദവികളിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും മുന്നണി നേതൃത്വത്തിനും കത്ത് നൽകുമെന്നും, നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് പാർട്ടിക്ക് തന്ന സീറ്റിൽ നിന്നും ദേശീയ സെക്രട്ടറിയെ ഒഴിവാക്കാൻ വേണ്ടി കൈക്കൊണ്ട നിലപാട് ഐക്യജനാധിപത്യ മുന്നണിക്ക് നാണക്കേടുണ്ടാക്കുന്ന തരത്തിൽ എത്തിച്ചതിൽ റാംമോഹനുള്ള പങ്ക് പ്രതിപക്ഷ നേതാവിനെയും മുന്നണി കൺവീനറേയും മറ്റ് മുന്നണി നേതാക്കളേയും ബോധ്യപ്പെടുത്തുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

read also:കേരളത്തിലെ പാവം ഹതഭാഗ്യരായ ഈ ഞങ്ങളെ രക്ഷിക്കാൻ കൂടി പിണറായി രാഹുൽ ഐക്യം ഉണ്ടാകണമേ; പരിഹാസവുമായി എസ് സുരേഷ്

ഭൂരിപക്ഷം സംസ്ഥാന കൗൺസിൽ അംഗങ്ങൾ ,ചേർന്നെടുത്ത ഈ തീരുമാനം ദേശീയ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. കുടുംബാധിപത്യവും ധാർഷ്യട്യവും കാരണം സംസ്ഥാനത്തെ പാർട്ടിയുടെ നിലവിലെ അവസ്ഥ വിശദമാക്കി 84 ഓളം സംസ്ഥാന കൗൺസിൽ അംഗങ്ങൾ ഒപ്പിട്ട കത്തും ദേശീയ കമ്മിറ്റിക്ക് നൽകി.പാർട്ടി വിട്ടു പോകാതെയും മരണപ്പെടാതെയുമുള്ള 121 കൗൺസിൽ അംഗങ്ങളിൽ 84 പേരാണ് നിലവിൽ തീരുമാനത്തെ അനുകൂലിച്ചിട്ടുള്ളത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനോജ് ശങ്കരനെല്ലൂരിനെ വർക്കിംഗ് ജനറൽ സെക്രട്ടറിയുടെ താല്കാലിക ചുമതല കൗൺസിൽ നൽകി. വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിൽ അടക്കം താഴെത്തട്ടിൽ തലമുറ മാറ്റം ഉൾപ്പെടെ വരും ദിവസങ്ങളിൽ ഉണ്ടാകും എന്ന് സംസ്ഥാന കൗൺസിൽ അംഗങ്ങൾ നൽകിയ സംയുക്ത പത്ര പ്രസ്താവനയിൽ പറയുന്നു.

ഇത് ഏതെങ്കിലും വ്യക്തിക്കേതിരെയുള്ള കലാപമല്ല നേതാജി സുഭാഷ് ചന്ദ്ര ബോസിൻ്റെയും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിൻ്റെയും ചരിത്രം തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ്; യഥാർത്ഥ ചരിത്രം പറഞ്ഞ് നട്ടെല്ലുയർത്തി ഉയർന്ന് നിൽക്കാൻ കഴിയുന്ന നേതൃത്വമാണ് പാർട്ടിക്ക് ഇന്നാവശ്യം. അല്ലാതെ കമ്മാരസംഭവം പറഞ്ഞ് ഇനിയും കേരളത്തിലെ പാർട്ടി പ്രവർത്തകരെ കളിയാക്കുന്ന പ്രവർത്തനം ഉടനടി അവസാനിപ്പിച്ച് ദേശീയ കമ്മിറ്റി തന്നെ പാർട്ടിയുടെ കേരളത്തിലെ ചരിത്രം ജനങ്ങളിലെത്തിക്കാൻ വേണ്ട നടപടികൾക്ക് മുൻകൈ എടുക്കണം എന്നും സംസ്ഥാന കൗൺസിൽ നൽകിയ പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.മുനീർ മുനമ്പം (കാസർഗോഡ്), കെ. മനോജ് (കണ്ണൂർ ),എം.ജി. മണി ലാൽ (കോഴിക്കോട്), എം.ആർ.രാമകൃഷ്ണൻ (വയനാട് ), എ.കെ.അബ്ദുറഹ്മാൻ ( മലപ്പുറം), സുൾഫിക്കർ അലി (പാലക്കാട്), സുബാഷ് കുണ്ടന്നൂർ (തൃശൂർ) പി.ടി കോയ (ഏറണാകുളം), ബിജു നെടുങ്കണ്ടം (ഇടുക്കി), വർഗ്ഗീസ് തോമസ്സ് (പത്തനംതിട്ട) ആനി ടിച്ചർ ( ആലപ്പുഴ ), ജിബിൻ തോമസ്റ്റ്( കോട്ടയം), കായ്ക്കാമൺ മോഹൻദാസ് (കൊല്ലം), ബാബു നെടുമങ്ങാട് (തിരുവനന്തപുരം) എന്നിവർക്ക് ജില്ലാ കമ്മിറ്റികളുടെ താല്കാലിക ചുമതലയും നൽകിയതായും പ്രസ്താവനയിൽ അറിയിച്ചു.

shortlink

Post Your Comments


Back to top button