
കോഴിക്കോട്∙ ‘‘ ഹായ് എന്താ പരിപാടി ? സുഖല്ലേ… പെർഫക്ട്..ഓക്കെ… ആൻഡിറ്റീസ് റ്റൂ ആൻഡ്ദ റ്റാൻ ആൻഡ്ദ കൂൻ ആൻഡ്ദ പാക്ക്..ഒക്കേ? ’’ സമൂഹമാധ്യമങ്ങൾ തുറന്നാൽ ഓടിയെത്തുന്ന വൈറൽ ഡയലോഗ്. പയ്യാനക്കൽ സ്വദേശി കെ.പി. നൈസൽ ബാബുവാണ് ഈ ‘പെർഫക്ട് ഒക്കേ..’ ഡയലോഗുകാരൻ ! സമൂഹമാധ്യമങ്ങളിൽ വൈറലായ നൈസൽ ബാബുവിനെ ഇന്നലെ കേരള പൊലീസും ഏറ്റെടുത്തു.
നൈസൽ ബാബുവിന്റെ വാട്സാപ്പ് സന്ദേശം റീമിക്സ് ചെയ്ത് പുറത്തിറങ്ങിയ പാട്ടാണ് കേരള പൊലീസിന്റെ മീഡിയ സെല്ലിൽ ഇന്നലെ ഇടംനേടിയത്. രണ്ടുദിവസമായി കേരളത്തിൽ തുടരുന്ന കർശനനിയന്ത്രണങ്ങളിൽ പൊലീസ് നടത്തിയ പരിശോധനകളുടെ വിഡിയോയ്ക്കാണ് നൈസൽ ബാബുവിന്റെ ഡയലോഗുകൾ കോർത്തിണക്കിയ പാട്ട് പിന്നണിയിലെത്തിയത്. ഇന്നലെ വൈകിട്ടാണ് പൊലീസിന്റെ ഫെയ്സ്ബുക് പേജിൽ ഈ വിഡിയോ ഇടംപിടിച്ചത്..
കൂട്ടുകാരന് കോവിഡ് ബാധിച്ചപ്പോഴാണ് നൈസലും ക്വാറന്റീനിൽ ഇരിക്കേണ്ടിവന്നത്. ‘ആകെ പേടിയാവുന്നു, എന്തെങ്കിലുമൊക്കെ വിഡിയോ അയയ്ക്കണേ’ എന്ന് കൂട്ടുകാരൻ പറഞ്ഞപ്പോഴാണ് നൈസൽ വിഡിയോ ഷൂട്ട് ചെയ്ത് വാട്സാപ്പ് യ്തത്. ‘‘നാലുമണിക്ക് ഒരു ചായ ഒരുവട… ഒരു പഴം പൊരി ഒരു വട..ഒരട ഒരു വട.. ഞായറാഴ്ചയാണെങ്കിൽ ബിരിയാണി….മച്ചാനേ, അത് പോരേ അളിയാ..? ’’ പക്ഷേ വാട്സാപ്പിൽ വിഡിയോ അയച്ചപ്പോൾ നൈസലിനൊരു കയ്യബദ്ധം പറ്റി.
കൂട്ടുകാരന് അയച്ചതിനൊപ്പം ഏതോ വാട്സാപ്പ് ഗ്രൂപ്പിലേക്കും വിഡിയോ അയച്ചുപോയി. കണ്ടവരെല്ലാം ചിരിച്ചുമറിഞ്ഞു. വിഡിയോ പലയിടത്തുംകറങ്ങിക്കറങ്ങി വൈറലായി മാറി. ഒരു വർഷത്തിനുശേഷം ഗായകൻ അശ്വിൻ ഭാസ്കർ ആ വിഡിയോ റീമിക്സ് ചെയ്ത് പാട്ടിറങ്ങിയതോടെയാണ് മലയാളികളുള്ള രാജ്യങ്ങളിലെല്ലാം സമൂഹമാധ്യമങ്ങളിൽ നൈസൽ താരമായി മാറിയത്. നൈസലിന്റെ ചിത്രം ട്രോളുകളായും വാട്സാപ്പ് സ്റ്റിക്കറുകളുമായും പ്രചരിക്കുകയാണ്.
വീഡിയോ കാണാം:
Post Your Comments