കോവിഡ് വാക്സിൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ രമേശ് ചെന്നിത്തലക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. വാക്സിൻ വാങ്ങാൻ പണമില്ലാത്ത അവസ്ഥ സംസ്ഥാനത്ത് ഇല്ലെന്നും, വേണ്ടിവന്നാൽ ട്രഷറിയിലെ പണം ഉപയോഗിച്ച് തന്നെ വാക്സിൻ വാങ്ങുമെന്നും ചെന്നിത്തല ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു. 24 ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘വാക്സിൻ വാങ്ങാൻ പണമില്ലാത്ത അവസ്ഥ സംസ്ഥാനത്ത് ഇല്ല. ആവശ്യമെങ്കിൽ ട്രഷറിയിലെ പണം ഉപയോഗിച്ച് തന്നെ വാക്സിൻ വാങ്ങും. ഇതിന് ആവശ്യമായ തുക ട്രഷറിയിൽ ഉണ്ട്. സാമാന്യ രീതിയെ കുറിച്ച് അറിവില്ലാത്ത പോലെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. അദ്ദേഹത്തിനും വാക്സിൻ സൗജന്യമായി തന്നെ നൽകും’. രമേശ് ചെന്നിത്തല മനപ്പൂർവ്വം ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും തോമസ് ഐസക് പ്രതികരിച്ചു.
അതേസമയം, വാക്സിൻ വാങ്ങാനായി ദുരിതാശ്വാസനിധിയിലേക്ക് സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് തോമസ് ഐസക് വ്യക്തമാക്കി. മനസ്സിൽ തട്ടി മനുഷ്യർ നൽകുന്ന സഹായം ആണ് ഇപ്പോൾ ദുരിതാശ്വാസനിധിയിലേക്ക് എത്തുന്നതെന്നും, വാക്സിന്റെ പേരിൽ സംസ്ഥാനങ്ങൾ തമ്മിൽ മത്സരിക്കാനുള്ള അവസരമാണ് കേന്ദ്രം ഒരുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments