ഡൽഹി: രാജ്യത്തെ 18-നും 45-നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ നടപടികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഈ പ്രായക്കാർക്ക് സ്വകാര്യകേന്ദ്രങ്ങൾ വഴി മാത്രമായിരിക്കും വാക്സിനേഷൻ. വാക്സിൻ സ്വീകരിക്കാനായി കോവിൻ ആപ്പ്, അല്ലെങ്കിൽ വെബ്സൈറ്റ് വഴി ഏപ്രിൽ 28 ബുധനാഴ്ച മുതൽ ജനങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.
മെയ് ഒന്ന് ശനിയാഴ്ച മുതൽ രാജ്യത്തെ സ്വകാര്യ ആശുപത്രികൾ വഴി വാക്സിൻ ലഭ്യമാക്കും. വാക്സിൻ സ്വീകരിക്കുന്നതിനായി സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടി വരുന്നതിനാൽ ആളുകൾ സ്വന്തം നിലയിൽ പണം ചിലവഴിക്കേണ്ടി വരാൻ സാധ്യതയുണ്ട്. സ്വകാര്യ ആശുപത്രികൾക്ക് സെറം ഇൻസിറ്റിറ്റ്യൂട്ടിൻ്റെ കൊവിഷിൽഡ് വാക്സിൻ 600 രൂപയ്ക്കും ഭാരത് ബയോടെക്കിൻ്റെ കൊവാക്സിൻ 1200 രൂപയ്ക്കും ലഭിക്കുമെന്നാണ് വിവരം.
വിവിധ സംസ്ഥാനങ്ങൾ കമ്പനികളിൽ നിന്നും നേരിട്ട് വാക്സിൻ വാങ്ങാൻ ചർച്ചകൾ തുടങ്ങിയെങ്കിലും വാക്സിൻ ലഭ്യമാക്കുന്ന കാര്യത്തിൽ കമ്പനികൾ കൃത്യമായ ഉറപ്പൊന്നും നൽകിയിട്ടില്ല. സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും കമ്പനികൾ വാക്സിൻ ലഭ്യമാക്കുന്ന കാര്യത്തിലുമുള്ള ആശയക്കുഴപ്പം മാറിയിട്ടില്ല.
കേരളത്തിൽ മുഴുവൻ ജനങ്ങൾക്കും വാക്‌സിൻ സൗജന്യമായി നൽകും എന്ന് സർക്കാർ ആവർത്തിക്കുമ്പോഴും അനുബന്ധ നടപടികളുമായി സർക്കാർ മുന്നോട്ട് പോയിട്ടില്ല എന്നാണ് സൂചന.
Post Your Comments