
മുംബൈ: ബാറ്റിംഗ് ദുഷ്‌കരമെന്ന് തോന്നിച്ച പിച്ചിൽ പിടിച്ചുനിന്ന് ടീമിനെ ജയത്തിലെത്തിച്ച് സഞ്ജു സാംസൺ. കൊൽക്കത്തയ്‌ക്കെതിരെ 133 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ 7 പന്തുകൾ ബാക്കി നിർത്തി 6 വിക്കറ്റിന് വിജയിച്ചു. സഞ്ജുവാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ.
ഓപ്പണർ ജോസ് ബട്‌ലറിന്റെ(5) വിക്കറ്റ് രാജസ്ഥാന് തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു ക്രീസിൽ നങ്കൂരമിട്ടു. 41 പന്തുകൾ നേരിട്ട സഞ്ജു 2 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 42 റൺസുമായി പുറത്താകാതെ നിന്നു. 17 പന്തിൽ 22 റൺസുമായി യശസ്വി ജയ്‌സ്വാളും 18 പന്തിൽ 22 റൺസുമായി ശിവം ദുബെയും സഞ്ജുവിന് പിന്തുണ നൽകി. 23 പന്തിൽ 24 റൺസുമായി ഡേവിഡ് മില്ലർ പുറത്താകാതെ നിന്നു.
കൊൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി 4 ഓവറിൽ 32 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ശിവം മാവി, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 5 മത്സരങ്ങളിൽ 2 ജയത്തോടെ രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. 5 മത്സരങ്ങളിൽ നാലിലും പരാജയപ്പെട്ടതോടെ കൊൽക്കത്ത എട്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
Post Your Comments