
ചെന്നൈ: പേര് കേട്ട മുംബൈ ബൗളിംഗ് നിരയെ നിശബ്ദരാക്കി പഞ്ചാബ് കിംഗ്‌സ്. 132 റൺസ് എന്ന താരതമ്യേന ചെറിയ സ്‌കോറിലേയ്ക്ക് ഒട്ടും തിടുക്കമില്ലാതെ മുന്നേറിയ പഞ്ചാബിന് 9 വിക്കറ്റ് വിജയം. 14 പന്തുകൾ ബാക്കി നിർത്തിയാണ് പഞ്ചാബ് വിജയലക്ഷ്യം മറികടന്നത്. നായകൻ കെ.എൽ രാഹുലാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ.
ഒന്നാം വിക്കറ്റിൽ 53 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പഞ്ചാബിന് മായങ്ക് അഗർവാളിനെ (25) നഷ്ടമായത്. തുടർന്ന് ക്രീസിൽ ഒരുമിച്ച ക്രിസ് ഗെയ്‌ലും രാഹുലും പഞ്ചാബിനെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. 52 പന്തിൽ 3 ബൗണ്ടറികളും അത്ര തന്നെ സിക്‌സറുകളും പറത്തിയ രാഹുൽ 60 റൺസ് നേടി. 35 പന്തിൽ 5 ബൗണ്ടറികളും 2 സിക്‌സറുകളും സഹിതം ഗെയ്ൽ 43 റൺസുമായി രാഹുലിന് ഉറച്ച പിന്തുണ നൽകി. രാഹുൽ ചഹറാണ് പഞ്ചാബിന്റെ ഒരേയൊരു വിക്കറ്റ് സ്വന്തമാക്കിയത്.
ഇന്നത്തെ മത്സരത്തോടെ ഇരു ടീമുകളും 5 മത്സരങ്ങൾ വീതം പൂർത്തിയാക്കി. മുംബൈയും പഞ്ചാബും 2 മത്സരങ്ങൾ വീതം വിജയിക്കുകയും 3 മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തു. റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ പോയിന്റ് പട്ടികയിൽ മുംബൈ നാലാം സ്ഥാനത്തും പഞ്ചാബ് തൊട്ടുപിന്നിൽ അഞ്ചാം സ്ഥാനത്തുമാണ്.
Post Your Comments