ന്യൂഡൽഹി: സംസ്ഥാനത്തെ ലാബുകളിൽ കോവിഡ് പരിശോധനാ ഫലം വൈകുന്ന വിഷയത്തിൽ കർശന നടപടിയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 24 മണിക്കൂറിനകം കോവിഡ് പരിശോധന റിപ്പോർട്ട് നൽകിയില്ലെങ്കിൽ ലാബുകൾക്കെതിരെ കർശന നടപടിയെന്ന് കെജ്രിവാൾ അറിയിച്ചു. ഡൽഹിയിലെ സ്വകാര്യ ലാബുകളിൽ പരിശോധനാ ഫലം ലഭിക്കാൻ 3 ദിവസത്തോളം സമയമെടുക്കുന്നതായി 24 വാർത്ത നൽകിയിരുന്നു.
കോവിഡ് വ്യാപനം അതീവ രൂക്ഷമായ ഡൽഹിയിൽ സ്വകാര്യ ലാബുകൾ ആർടിപിസിആർ പരിശോധന നടത്തി ഫലം നൽകാൻ 3 ദിവസത്തോളം സമയമാണ് ആവശ്യപ്പെട്ടിരുന്നത്. ഡൽഹിയിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് പല സംസ്ഥാനങ്ങളും നിർബന്ധമാക്കിയിരിക്കെ, രോഗികൾക്കൊപ്പം യാത്രക്കാർക്കും ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടപെടൽ. ലാബുകൾ കൂടുതൽ സാമ്പിളുകൾ എടുക്കുന്നത് കൊണ്ടാണ് റിപ്പോർട്ടുകൾ വൈകുന്നതെന്നും, ഇത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡൽഹിയിൽ ഓക്‌സിജൻ സിലിണ്ടറുകൾ, ഐസിയു ബെഡുകൾ എന്നിവയ്ക്ക് ക്ഷാമം നേരിടുന്നെന്നും മരുന്നുകൾ പൂഴ്ത്തി വയ്ക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കെജ്രിവാൾ അറിയിച്ചു.
Post Your Comments