ന്യൂഡൽഹി: ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സി.ബി.ഐ നോട്ടീസ് നൽകി. ഏപ്രിൽ പതിനാറിന് നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം. കേസിൽ നേരത്തേ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായിരുന്നു.തനിക്കെതിരെ സി.ബി.ഐ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ദൽഹി മുഖ്യമന്ത്രി.
ഡൽഹി മദ്യ അഴിമതി കേസിൽ മുഖ്യമന്ത്രി നിരപരാധിയാണെന്ന് ഒരു വാർത്താസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് എഎപി ദേശീയ കൺവീനർ അവകാശപ്പെട്ടു. അരവിന്ദ് കെജ്രിവാൾ കള്ളനാണെങ്കിൽ പിന്നെ ലോകത്തുള്ള ആരും സത്യസന്ധരല്ല എന്നാണ് ഇവരുടെ വാദം. മദ്യനയം മദ്യവ്യാപാരത്തിൽ നിന്നുള്ള അഴിമതി ഇല്ലാതാക്കാൻ കഴിയുന്ന മികച്ച നയമായിരുന്നുവെന്ന്, തന്റെ സർക്കാർ കൊണ്ടുവന്ന ഡൽഹി എക്‌സൈസ് നയത്തെ പ്രതിരോധിച്ചുകൊണ്ട് കെജ്‌രിവാൾ പറഞ്ഞു.
75 വർഷത്തെ ചരിത്രത്തിൽ ആം ആദ്മി പാർട്ടിയെ ലക്ഷ്യമിട്ട് ഒരു പാർട്ടിയും ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് ബിജെപിയെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. എക്സൈസ് പോളിസി കേസിൽ സിബിഐയും ഇഡിയും തെറ്റായ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചുവെന്നും മനീഷ് സിസോദിയയ്ക്കും തനിക്കുമെതിരെ മൊഴി നൽകാൻ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥർ ആളുകളെ പീഡിപ്പിക്കുന്നതായും കെജ്രിവാൾ അവകാശപ്പെട്ടു.
‘അവർ (ബി.ജെ.പി) എന്നെ പിന്തുടരുന്നു, എന്നെ പിടിക്കാൻ ശ്രമിക്കുന്നു. ഒരു കാരണമുണ്ട്. മറ്റ് പാർട്ടികൾ നൽകാത്ത വാഗ്ദാനമാണ് എ.എ.പി രാജ്യത്തിന് നൽകിയത്. 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇഡിയും സിബിഐയും ആരോപിച്ചത്. 400-ലധികം റെയ്ഡുകൾ നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല. ഡൽഹി നിയമസഭയിൽ അഴിമതിക്കെതിരെ സംസാരിച്ച ദിവസം, അടുത്തത് ഞാനായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. നല്ല സ്‌കൂളുകൾ, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നൽകുമെന്ന് എഎപി ജനങ്ങൾക്ക് വാക്ക് നൽകിയത് അവർക്ക് പിടിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം ഞങ്ങൾ ഒന്നിനായി നടപ്പാക്കി വരികയാണ്. അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിലും നിറവേറ്റുന്നതിലും അവർ പരാജയപ്പെടുമ്പോഴാണ് ഞങ്ങൾ ഇവിടെ വാഗ്ദാനങ്ങൾ എല്ലാം നിറവേറ്റുന്നത്’, കെജ്‌രിവാൾ പറഞ്ഞു.
Post Your Comments