കൊച്ചി: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പേരുപറയാന്‍ പ്രതികളെ നിര്‍ബന്ധിച്ചെന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) എതിരേ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളും ഹൈക്കോടതി റദ്ദാക്കി. നടപടിക്രമങ്ങള്‍ പാലിക്കാതിരുന്നതാണു കാരണം. കേസ് ഫയലുകള്‍ മുദ്രവച്ച കവറില്‍ ഇ.ഡിയുടെ കേസ് പരിഗണിക്കുന്ന കോടതിയില്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനു ഹൈക്കോടതി നിര്‍ദേശം നല്‍കി.
കുറ്റകൃത്യം നടന്നതായി വെളിപ്പെടുന്ന രീതിയിലുള്ള പ്രാഥമിക വിവരമായി ഈ രേഖകളെ കണക്കാക്കാമെന്നും അവ പരിശോധിച്ച് പ്രത്യേക കോടതിക്കു തുടര്‍നടപടി സ്വീകരിക്കാമെന്നും െഹെക്കോടതി പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആറുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജികളാണു ജസ്റ്റിസ് വി.ജി. അരുണ്‍ തീര്‍പ്പാക്കിയത്. അതേസമയം ഹർജികൾ റദ്ദാക്കിയതോടെ സ്വര്‍ണ്ണ കടത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ അടക്കം ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്ക് കരുത്ത് പകരുന്നതാണ് വിധി.
അതുകൊണ്ട് തന്നെ അതിശക്തമായ നടപടികള്‍ വരും ദിവസമുണ്ടാകും. ആവശ്യമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും. സ്വപ്‌നാ സുരേഷിന്റെ രഹസ്യ മൊഴിയില്‍ വസ്തുതയുണ്ടോ എന്ന് അറിയാനാണ് ഇത്. അങ്ങനെ ഭയമില്ലാതെ മുമ്പോട്ട് പോകാനുള്ള സാഹചര്യമാണ് സുപ്രീംകോടതി വിധി കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കുന്നത്. നിലവില്‍ ജ്യുഡീഷ്യല്‍ അന്വേഷണത്തിനുള്ള മന്ത്രിസഭാ തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ പരിഗണനയിലാണ്.
വോട്ടെണ്ണലിനു ശേഷം പെരുമാറ്റച്ചട്ടം പിന്‍വലിക്കുമ്പോള്‍ കമ്മിഷന്റെ അനുമതിയില്ലാതെ സര്‍ക്കാരിന് ഇതിനുള്ള ഉത്തരവ് ഇറക്കാനാകും. എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ അന്വേഷണ തീരുമാനവുമായി മുന്നോട്ടു പോകാം. എന്നാല്‍ ഇതിനെതിരെ ആരെങ്കിലും ഹൈക്കോടതിയെ സമീപിച്ചാല്‍ നിയമ യുദ്ധത്തിലേക്കു നീളാം. ഇഡി തന്നെ കോടതിയെ സമീപിക്കാന്‍ സാധ്യത ഏറെയാണ്.
കസ്റ്റംസ്, ഇഡി, ആദായ നികുതി വകുപ്പ് എന്നിവ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെയാണു മന്ത്രിസഭ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയും ചോദ്യം ചെയ്യലുകള്‍ക്ക് ഹാജരാകുന്നില്ല. ഈ വിഷയത്തിലും നിലപാട് കടുപ്പിക്കും. കേരളാ പൊലീസിന്റെ സമാന്തര അന്വേഷണമൊന്നും കേന്ദ്ര ഏജന്‍സി മുഖവിലയ്‌ക്കെടുക്കില്ല.
Post Your Comments