ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ പ്രതിരോധം ശക്തമാക്കി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്തെ ഓക്‌സിജൻ ലഭ്യത പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തി. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി സാഹചര്യങ്ങൾ വിലയിരുത്തിയത്.
Also Read: കൊവാക്‌സിന്റെ ഉത്പ്പാദനം വർധിപ്പിക്കണം; ഭാരത് ബയോടെക്കിന് 65 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ
രാജ്യത്ത് ഉയർന്ന കോവിഡ് നിരക്കുള്ള 12 സംസ്ഥാനങ്ങളിലെ സാഹചര്യം പ്രധാനമന്ത്രി വിശദമായി അവലോകനം ചെയ്തു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ്, ഡൽഹി, ഛത്തീസ്ഗഢ്, കർണാടക, കേരളം, തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഓക്‌സിജൻ വിതരണത്തിന്റെ നിലവിലെ സ്ഥിതിയും അടുത്ത 15 ദിവസങ്ങളിലേക്കുള്ള ആവശ്യകതയും അദ്ദേഹം വിലയിരുത്തി.
രാജ്യത്ത് ഉടനീളം ഓക്‌സിജൻ വഹിക്കുന്ന ടാങ്കറുകൾക്ക് തടസമില്ലാത്ത ഗതാഗത സൗകര്യം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഓക്‌സിജൻ ടാങ്കറുകളുടെ എല്ലാ അന്തർസംസ്ഥാന യാത്രകളെയും പെർമിറ്റ് രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുമായി ടാങ്കറുകൾ മുഴുവൻ സമയവും സഞ്ചരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനങ്ങളോടും നിർദ്ദേശിച്ചിട്ടുണ്ട്.
ആവശ്യമായ സുരക്ഷാ സംവിധാനങ്ങളുമായി 24 മണിക്കൂറും പ്രവർത്തിക്കാൻ സിലിണ്ടർ ഫില്ലിംഗ് പ്ലാന്റുകൾക്ക് അനുമതി നൽകും. വ്യാവസായിക സിലിണ്ടറുകൾ ശുദ്ധീകരണത്തിന് ശേഷം മെഡിക്കൽ ഓക്‌സിജന്റെ ഉപയോഗത്തിന് അനുവദിക്കാനും അവലോകന യോഗത്തിൽ തീരുമാനമായി. ഓരോ പ്ലാന്റിന്റെയും ശേഷി അനുസരിച്ച് ഓക്‌സിജൻ ഉത്പ്പാദനം വർദ്ധിപ്പിക്കാനും പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments