തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂട്ടപ്പരിശോധനയുമായി കേരളം. ഇന്നും നാളെയുമായി രണ്ടരലക്ഷം പേരെ പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. ആര്‍ടിപിസിആര്‍ , ആന്‍റിജൻ പരിശോധനകളാണ് നടത്തുക. രോഗ വ്യാപന തീവ്രത കുറയ്ക്കാൻ രോഗ ബാധിതരെ അടിയന്തരമായി കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റണമെന്ന വിദഗ്ധ ഉപദേശം അനുസരിച്ചാണ് മാസ് പരിശോധന. കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി പേരെ പരിശോധിക്കുകയാണ് ലക്ഷ്യം.
പൊതുഗതാഗതം , വിനോദ സഞ്ചാരം , കടകള്‍ , ഹോട്ടലുകള്‍ , വിതരണ ശൃംഖലയിലെ തൊഴിലാളികള്‍ , കൊവിഡ് വാക്സീൻ ലഭിക്കാത്ത 45 വയസിന് താഴെയുള്ളവര്‍ തുടങ്ങി പൊതുസമൂഹവുമായി അടുത്തിടപെഴകുന്ന മേഖലകളിലെ ഹൈ റിസ്ക് വിഭാഗങ്ങളെ കണ്ടെത്തിയാകും പരിശോധന. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പരമാവധിപേരെ പരിശോധനക്ക് വിധേയരാക്കും. രോഗ ലക്ഷണങ്ങളുള്ളവരേയും കണ്ടെത്തി പരിശോധിക്കും. ആശുപത്രികളില്‍ ഓപികളിലെത്തുന്നവര്‍ , കിടത്തി ചികില്‍സയിലുള്ളവര്‍ ക്ലസ്റ്ററുകളിലും നിയന്ത്രിത മേഖലയിലും ഉള്ളവര്‍ , സ്കൂൾ , കോളജ് വിദ്യാര്‍ഥികള്‍ എന്നിവരിലും പരിശോധന നടത്തും.
Read Also: ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം; 10 സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത
എന്നാൽ ഏറ്റവും കൂടുതല്‍ പരിശോധന നടത്താൻ നിര്‍ദേശിച്ചിരിക്കുന്നത് എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്. അതേസമയം മൂന്ന് മാസത്തിനുള്ളില്‍ കൊവിഡ് വന്നുപോയവര്‍ , രണ്ട് ഡോസ് കൊവിഡ് വാക്സീൻ എടുത്തവര്‍ എന്നിവര്‍ക്ക് ഈ ഘട്ടത്തില്‍ പരിശോധന ഉണ്ടാകില്ല. സംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന് താല്‍കാലിക പരിഹാരമായി ഇന്ന് രണ്ട് ലക്ഷം ഡോസ് വാക്സീൻ കേരളത്തിലെത്തും. കൊവിഷീൽഡ് വാക്സിനാണ് എത്തിക്കുന്നത്. വൈകുന്നേരത്തോടെയാണ് വാക്സീനെത്തുക. ഇതോടെ നിര്‍ത്തിവച്ച പല ക്യാംപുകളും നാളെ മുതല്‍ വീണ്ടും തുടങ്ങാനാകുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ.
Post Your Comments