ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം നടക്കുന്ന പ്രദേശത്ത് വാക്‌സിനേഷൻ ക്യാമ്പ് ആരംഭിക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാർ. സംയുക്ത കിസാൻ മോർച്ചയാണ് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥനയുമായി രംഗത്തെത്തിയത്. കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ വാക്‌സിൻ സ്വീകരിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രഖ്യാപനം.
ഇതാദ്യമായാണ് പ്രതിഷേധ സംഘടനകളുടെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു പരാമർശം വരുന്നത് എന്നതാണ് ശ്രദ്ധേയം. രണ്ടാം ഘട്ട കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഡൽഹിയുടെ വിവിധ അതിർത്തി പ്രദേശങ്ങളിൽ പ്രതിഷേധിക്കുന്നവരോട് മാസ്‌ക് ധരിക്കണമെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും സംയുക്ത കിസാൻ മോർച്ച നിർദ്ദേശം നൽകിയിട്ടുണ്ട്.
കോവിഡിനെ ഭയമില്ലെന്നും വാക്‌സിൻ സ്വീകരിക്കില്ലെന്നുമുള്ള നിലപാടിൽ പ്രതിഷേധക്കാർ ഉറച്ചുനിൽക്കുകയായിരുന്നു. എന്നാൽ പ്രതിഷേധിക്കുന്നവർക്കും വാക്‌സിൻ നൽകുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ പുതിയ നിലപാട്. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാർ കഴിഞ്ഞ നാല് മാസത്തിലേറയായി ഡൽഹിയുടെ സിംഘു, തിക്രി, ഗാസിപ്പൂർ എന്നീ അതിർത്തികളിലാണ് തമ്പടിച്ചിരിക്കുന്നത്.
Post Your Comments