കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി റദ്ദാക്കിയതോടെ ആശങ്കയിൽ സർക്കാർ. കേസ് എടുത്ത പൊലീസുകാർക്കെതിരെ ബദൽ കേസ് എടുക്കാനുള്ള നീക്കത്തിലാണ് ഇഡി. കേസില്‍ ഇടപെട്ട പൊലീസ് അസോസിയേഷൻ നേതാവ്, വനിതാ പൊലീസിന്റെ മൊഴിയെടുത്ത സൈബർ സെൽ എസ്പി, ചില ജയിൽ ഉദ്യോഗസ്ഥർ, ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ഇഡി കേസെടുക്കുമോ എന്ന ആശങ്ക പൊലീസിലെ ഉന്നതർക്കുണ്ട്.
കേന്ദ്ര ഏജൻസിക്കെതിരെ നീങ്ങിയാൽ അത് നിയമപരമായി തിരിച്ചടിയാകുമോയെന്ന ആശങ്ക തുടക്കത്തിൽതന്നെ പൊലീസ് ഉദ്യോഗസ്ഥർ പങ്കുവച്ചിരുന്നു. സർക്കാരിൽനിന്ന് ലഭിച്ച കർശന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസെടുക്കുന്നത് തിരിച്ചടിയാകുമെന്ന നിലപാടിലായിരുന്നു ഡിജിപിയും. ഇഡിക്കെതിരെ നീങ്ങിയ ഉദ്യോഗസ്ഥർക്കുമേൽ ഇനി കേസും സമ്മർദവും ഉണ്ടാകുന്ന സാഹചര്യമൊരുങ്ങും.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന വനിതാ പൊലീസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ ആദ്യ കേസെടുത്തത്.മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നതായി സ്വർണക്കടത്തു കേസിലെ പ്രതി സന്ദീപ് നായർ ജയിലിൽനിന്ന് കത്തെഴുതിയിരുന്നു. ഇതിലാണ് രണ്ടാമത്തെ കേസ് റജിസ്റ്റർ ചെയ്തത്.
ഹർജിയിൽ വാദം കേട്ടത് ജസ്റ്റിസ് വി.ജി.അരുണാണ്. സ്വപ്‌നയുടെ ശബ്ദരേഖ, സന്ദീപ് നായരുടെ മൊഴി എന്നിവയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് ഉന്നയിക്കുന്ന ആരോപണവും തുടർന്ന് എടുത്ത കേസിനുമെതിരെയാണ് ഇ.ഡി ഹർജി നൽകിയത്. ഒരു ഏജൻസിയുടെ കണ്ടെത്തലിനെതിരെ മറ്റൊരു ഏജൻസി കേസെടുക്കുന്നത് ചട്ടവിരുദ്ധമാണ്.ക്രൈംബ്രാഞ്ച് കേസെടുത്തത് ദുരുദ്ദേശപരമാണ് എന്നിവയാണ് ഇ.ഡി കോടതിക്ക് മുൻപാകെ ഉന്നയിച്ചത്.
ഉന്നതരിലേയ്ക്ക് ഇ.ഡി.യുടെ അന്വേഷണം എത്തുന്നത് തടയാനാണ് സംസ്ഥാന സർക്കാറിനായി ക്രൈംബ്രാഞ്ച് വഴിവിട്ട് കേസെടുക്കുന്നത്. ഇഡിയ്ക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണ് ക്രൈംബ്രാഞ്ചെന്നും ഇ.ഡി.വാദിച്ചു. ക്രൈംബ്രാഞ്ച് ഇഡിക്കെ തിരെ കള്ളക്കഥകൾ മെനയുകയാണ്. ഇ.ഡി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചെന്ന പരാതി സന്ദീപ് നായർ മുൻപ് എവിടെയും പറഞ്ഞിട്ടില്ല. പരാതികളുണ്ടോയെന്ന് പല തവണ കോടതി ചോദിച്ചപ്പോഴും ഇല്ലെന്നായിരുന്നു സന്ദീപിന്റെ മറുപടി.
എട്ട് മാസത്തിനു ശേഷം സന്ദീപ് പരാതിയുമായി വന്നതിന് പിന്നിൽ ഉന്നതരുടെ പ്രേരണയെന്നും ഇ.ഡി കോടതിയിൽ അറിയിച്ചു. സ്വർണ്ണക്കടത്ത് കേസിലെ രണ്ട് പ്രതികളെ കൊണ്ട് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രേരിപ്പിച്ചുവെന്ന ആരോപണമാണ് ക്രൈംബ്രാഞ്ച് ഉന്നയിക്കുന്നത്. കോടതി ക്രൈംബ്രാഞ്ചിന്റെ നടപടി സാധൂകരിച്ചാൽ ഇ.ഡിക്കെതിരായ ആരോപണത്തിൽ അന്വേഷണം തുടരാൻ ക്രൈംബ്രാഞ്ചിനാകും. ഇതിന്റെ ഭാഗമായി ഇ.ഡി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ചിന് അനുവാദം ലഭിക്കും.
Post Your Comments