കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ.
വോട്ടെടുപ്പിന് മുന്നോടിയായുള്ള നിശബ്ദ പ്രചാരണത്തിന്റെ സമയം 72 മണിക്കൂറായി വർധിപ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. വൈകുന്നേരം 7 മണി മുതൽ 10 മണി വരെയുള്ള സമയത്ത് റാലികളും പൊതുയോഗങ്ങളും അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
കോവിഡ് കേസുകൾ വർധിക്കുന്നതിനിടയിലും ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികളിലും സമ്മേളനങ്ങളിലും വലിയ തോതിൽ ജനക്കൂട്ടങ്ങൾ കാണപ്പെടുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഇനി അവശേഷിക്കുന്ന പോളിംഗിന്റെ നാലുഘട്ടങ്ങൾ ഒറ്റഘട്ടമായി നടത്തണമെന്ന നിർദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതിന് ശേഷമാണ് പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്.
സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും മാസ്‌ക് നിർബന്ധമായും ധരിക്കണം. റാലികളിലും പൊതു സമ്മേളനങ്ങളിലും പങ്കെടുക്കുന്നവർ മാസ്‌ക്കുകളും സാനിട്ടൈസറും ഉപയോഗിക്കുന്നുണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾ ഉറപ്പു വരുത്തണം.
Read Also: സാക്ഷാത്ക്കരിക്കപ്പെട്ട വലിയ സ്വപ്നം; മകളുടെ പേര് പങ്കുവെച്ച് പേളിയും ശ്രീനിഷും
ഏപ്രിൽ 17 നാണ് ബംഗാളിൽ അഞ്ചാം ഘട്ട പോളിംഗ് നടക്കുക. 45 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിംഗാണ് അഞ്ചാംഘട്ടത്തിൽ നടക്കുക. എട്ടു ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിൽ ആറാം ഘട്ടം ഏപ്രിൽ 22 നും ഏഴാം ഘട്ടം 26 നും അവസാനഘട്ടം ഏപ്രിൽ 29 നുമാണ് തീരുമാനിച്ചിരിക്കുന്നത്.
Post Your Comments