ചണ്ഡീഗഡ്: ഹിമാചൽ പ്രദേശിലെ ധർമ്മശാലയ്ക്ക് സമീപം പാകിസ്താന്റെ മൊബൈൽ നെറ്റ്‌വർക്ക് കണ്ടെത്തി. കംഗ്ര ജില്ലയിലാണ് പാകിസ്താൻ മൊബൈൽ നെറ്റ് വർക്ക് കണ്ടെത്തിയത്. കംഗ്ര ജില്ലാ ഭരണകൂടം ഇക്കാര്യം ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി.
Also Read: ഉത്തർപ്രദേശിൽ ആശങ്കയായി കോവിഡ് വ്യാപനം; 22,439 പേർക്ക് കൂടി രോഗബാധ, ഏറ്റവും ഉയർന്ന പ്രതിദിന വർധന
വിനോദ സഞ്ചാരത്തിന്റെ ഭാഗമായി കരേരി തടാകത്തിലേയ്ക്ക് ട്രക്കിംഗ് നടത്താൻ എത്തിയവരാണ് പാക് മൊബൈൽ നെറ്റ്വർക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. സമുദ്ര നിരപ്പിൽ നിന്നും 2,900 മീറ്റർ ഉയരത്തിലുള്ള പ്രദേശത്താണ് കരേരി തടാകം സ്ഥിതി ചെയ്യുന്നത്. ജില്ലാ ആസ്ഥാനമായ ധർമ്മശാലയിൽ നിന്നും ഏകദേശം 26 കിലോ മീറ്റർ അകലെയാണ് ഈ തടാകമുള്ളത്. ഉയർന്ന പ്രദേശമായതിനാൽ ഫോണുകൾക്ക് സിഗ്നൽ ലഭിച്ചില്ലെന്നും തുടർന്നാണ് പാകിസ്താന്റെ മൊബൈൽ നെറ്റ്‌വർക്ക് ലഭിച്ചതെന്നും വിനോദ സഞ്ചാരികൾ പോലീസിനോട് പറഞ്ഞു.
സിഗ്നലുകൾ ലഭിച്ചതിന് പുറമെ, ഇവരുടെ പക്കലുള്ള മൊബൈൽ ഫോണുകളിലെ സമയത്തിലും മാറ്റമുണ്ടായി. ഫോണുകളിലെ സമയം ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈമിൽ നിന്നും പാകിസ്താൻ സ്റ്റാൻഡേർഡ് ടൈമിലേയ്ക്ക് മാറിയെന്നും വിനോദ സഞ്ചാരികൾ അധികൃതരെ അറിയിച്ചു. ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ നിന്നും 500 മീറ്റർ മാത്രമാണ് ഇരു രാജ്യങ്ങളുടെയും മൊബൈൽ സിഗ്നൽ ലഭിക്കുക. എന്നാൽ, 140 കിലോ മീറ്റർ അകലെയുള്ള ഇന്ത്യയുടെ പ്രദേശത്ത് പാക് സിഗ്നൽ എങ്ങനെ ലഭിച്ചുവെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
Post Your Comments