കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന പശ്ചിമ ബംഗാളിൽ കോൺഗ്രസ് സ്ഥാനാർത്ഥി കോവിഡ് ബാധിച്ച് മരിച്ചു. മുർഷിദാബാദിലുള്ള സംഷേർഗഞ്ച് മണ്ഡലത്തിലെ സ്ഥാനാർത്ഥി റെസൗൾ ഹഖാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
Also Read: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; കൂടുതൽ വിദേശ വാക്‌സിനുകൾ എത്തും, തീരുമാനം ഉടൻ
ശ്വാസം മുട്ടൽ അനുഭവപ്പെട്ടതോടെയാണ് റെസൗൾ ഹഖിനെ കഴിഞ്ഞ ദിവസം ജംഗിപൂരിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രാത്രിയോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
കോൺഗ്രസ് സംസ്ഥാനഘടകം റെസൗൾ ഹഖിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഏപ്രിൽ 26നായിരുന്നു സംഷേർഗഞ്ചിൽ വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്. ബംഗാൾ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിലാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുക.
Post Your Comments