Latest NewsIndiaNews

ഹനുമാന്റെ ജന്മ സ്ഥലം സംബന്ധിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കം

ന്യൂഡല്‍ഹി: ഹനുമാന്‍ ജനിച്ചത് എവിടെ എന്നുള്ളതിന് ഒരു അടിസ്ഥാനപരമായി തെളിവുകള്‍ ഇന്നില്ല. ഇപ്പോള്‍ ഹനുമാന്റെ ജന്മസ്ഥലം സ്ഥലം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളും ഉടലെടുത്തു കഴിഞ്ഞു. ഹനുമാന്റെ ജന്മഭൂമി തങ്ങളുടെതെന്ന് അവകാശപ്പെട്ട് കര്‍ണാടകയും ആന്ധ്രാപ്രദേശുമാണ് രംഗത്ത് വന്നിരിക്കുന്നത്.

ഉത്തര കര്‍ണാടകയിലെ ഹംപിക്കു സമീപം കിഷ്‌കിന്ദയിലുള്ള ആഞ്ജനേയാദ്രി കുന്നുകളിലാണെന്ന് കര്‍ണാടക വാദിക്കുമ്പോള്‍ തിരുമലയിലെ ഏഴ് കുന്നുകളിലുള്ള അഞ്ജനദ്രിയിലാണെന്ന് ആന്ധ്ര പറയുന്നു. രണ്ട് അവകാശവാദങ്ങളും പ്രാദേശികമായി ജനസമ്മതിയുള്ളതായിരിക്കെയാണ് മൂന്നാമത് ഒരു അവകാശവാദം കൂടി സജീവമായി എത്തുന്നത്. ശിവമൊഗ്ഗയിലെ രാമചന്ദ്രപുര മഠാധിപതിയുടെതാണ് മൂന്നാമത്തെ അവകാശവാദം.

തിരുമല വെങ്കിടേശ്വര ക്ഷേത്രം ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങള്‍ ഭരിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി) കഴിഞ്ഞ ഡിസംബറില്‍ ഹനുമാന്റെ ജന്മസ്ഥലം നിര്‍ണയിക്കാന്‍ പ്രത്യേക വിദഗ്ദ്ധ സമിതിയെ വെച്ചിരുന്നു. വേദ പണ്ഡിതര്‍, പൗരാണിക പണ്ഡിതര്‍, ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ തുടങ്ങിയവരടങ്ങിയ എട്ടംഗ സംഘം ഏപ്രില്‍ 21 ന് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. വേദങ്ങളും പുരാണങ്ങളും വിശദമായി പരിശോധിച്ച് സമിതി റിപ്പോര്‍ട്ട് തയാറാക്കുമെന്ന് ദേവസ്ഥാനം എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.എസ് ജവഹര്‍ റെഡ്ഡി പറഞ്ഞു. തങ്ങളുടെ വാദത്തിന് ശാസ്ത്രീയമായി മാത്രമല്ല, പൗരാണിക തെളിവുകളുടെയും പിന്തുണയുണ്ടെന്ന് റെഡ്ഡി പറയുന്നു.

എന്നാല്‍, ആന്ധ്രയുടെ വാദം ശരിയല്ലെന്നും ഹംപിക്കു സമീപം കിഷ്‌കിന്ദയിലുള്ള ആഞ്ജനേയാദ്രി കുന്നുകളിലാണെന്ന് രാമായണത്തില്‍ പരാമര്‍ശമുണ്ടെന്നും കര്‍ണാടക മന്ത്രിമാര്‍ പ്രതികരിക്കുന്നു. കുന്നിന്‍മുകളില്‍ ഒരു ഹനുമാന്‍ ക്ഷേത്രവുമുണ്ട്. ആഞ്ജനേയാദ്രി കുന്നുകള്‍ തീര്‍ത്ഥാടന കേന്ദ്രമായി വികസിപ്പിക്കുമെന്ന് കര്‍ണാടക കൃഷിമന്ത്രി ബി.സി പാട്ടീല്‍ പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി കര്‍ണാടക വിനോദസഞ്ചാര വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുമുണ്ട്.

എന്നാല്‍, ഇരു വാദങ്ങളെയും തള്ളി കര്‍ണാടകയുടെ തീര പ്രദേശമായ ഗോകര്‍ണത്തെ കുഡ്‌ലെ തീരത്താണെന്ന് ശിവമൊഗ്ഗയിലെ രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതിയും അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button