മുംബൈ: രാജ്യത്ത് കൊവിഡ് വ്യാപിക്കുകയാണ്. നിലവിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് രോഗികളുള്ളത്. കൊറോണ ബാധിതരുടെ പ്രതിദിന എണ്ണം വർദ്ധിക്കുന്നതോടെ ആശുപത്രികളിൽ സൗകര്യവും കുറഞ്ഞുവരുന്നു. രോഗികൾക്ക് കിടക്കാൻ കിടക്കകളില്ലാത്തതിനാൽ കസേരകളിൽ ഇരുത്തിയാണ് കൊവിഡ് ബാധിതർക്ക് വരെ ഓക്സിജൻ നൽകുന്നത്. മഹാരാഷ്ട്രയിലെ ഉസ്മനാബാദിലെ ആശുപത്രിയിലാണ് സംഭവം.
ആശുപത്രിയിൽ നിന്നുള്ള ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ജില്ലയിലെ ആശുപത്രികളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ദിനംപ്രതി വർധനവ് ഉണ്ടായതോടെ, ഇവരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളും കുറഞ്ഞുവരികയാണ്. സംസ്ഥാനത്ത് കൊറോണ രോഗികളെ കൈകാര്യം ചെയ്യുന്നതിൽ ആശുപത്രികൾ കാട്ടുന്ന അലംഭാവത്തിന്റെ നേർചിത്രമാണിതെന്ന കുറിപ്പോടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചിത്രം പ്രചരിക്കുന്നത്.
ബെഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പല ആശുപത്രികളിലും പരിമിതമാണ്. സ്വകാര്യ ആശുപത്രികളിലെ ഭീമമായ ചികിത്സാ ചെലവ് താങ്ങാനാവാത്തതിനാലാണ് കൂടുതൽ പേരും സർക്കാർ ആശുപത്രികളെ തന്നെ ആശ്രയിക്കുന്നത്. അതേസമയം സംസ്ഥാനത്ത് രോഗവ്യാപനം കൂടാനുള്ള കാരണം ചികിത്സാ സൗകര്യങ്ങളുടെ അഭാവമാണെന്ന് കേന്ദ്രസംഘവും വിലയിരുത്തിയിരുന്നു.
Post Your Comments