
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 65. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡേയാണ് നായിക. ഇപ്പോഴിതാ സിനിമയ്ക്കായി താരം വാങ്ങുന്ന പ്രഭിലത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
മൂന്ന് കോടി രൂപയാണ് ദളപതി 65-ൽ പൂജയുടെ പ്രതിഫലമെന്നാണ് വിവരം. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് താരത്തിന് ഇതേവരെ ലഭിച്ചതിൽ വച്ചേറ്റവും വലിയ പ്രതിഫലത്തുകയാണെന്നും രാജ്യമൊട്ടാകെ താരത്തിന് വർദ്ധിച്ചു വരുന്ന പ്രശസ്തിയുടെ ഭാഗമാണിതെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. മറ്റു ഭാഷകളിൽ നിന്നും നിരവധി അവസരങ്ങൾ വന്നിട്ടുണ്ടെങ്കിലും വിജയുമൊത്ത് ഒരു ചിത്രം ചെയ്യാനുള്ള ആഗ്രഹത്തിന്റെ പുറത്ത് ദളപതി 65 സ്വീകരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ സിനിമയുടെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന് റഷ്യയാണ്. കഴിഞ്ഞ ദിവസമാണ് പത്ത് ദിവസത്തെ ഷൂട്ടിനായി അണിയറപ്രവർത്തകർ റഷ്യയിലേക്ക് തിരിച്ചത്.
ദളപതി 65 ലെ വിജയുടെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകളും നേരത്തെ പുറത്ത് വന്നിരുന്നു. ഇതുവരെ കാണാത്ത റോളിലാകും വിജയ് ചിത്രത്തിലെത്തുക.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. സൺ പിക്ച്ചേഴ്സ് ആണ് നിർമാണം.
Post Your Comments