മുംബൈ: സച്ചിന്‍ വാസെ കേസ് ആയുധമാക്കി മഹാരാഷ്ട്രയിലെ അഴിമതികള്‍ പുറത്തുകൊണ്ടുവരികയാണ് ബി.ജെ.പി. മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന് എതിരെയുള്ള അഴിമതി ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു. മുകേഷ് അംബാനിയുടെ വസതിക്ക് മുമ്പില്‍ ഫെബ്രുവരി 25 ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത
സംഭവത്തിനു പുറകെ ഒന്നൊന്നായി അഴിമതി കേസുകള്‍ പുറത്തേയ്ക്ക് വരുകയാണ് . അതിനിടെ, കേസില്‍ അറസ്റ്റിലായ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്പക്ടര്‍ സച്ചിന്‍ വാസെയുടെ മൊഴിയിലെ ചില വിവരങ്ങള്‍ കൂടി പുറത്തുവന്നു. പ്രത്യേക എന്‍.ഐ.എ കോടതിക്ക് സമര്‍പ്പിച്ച കത്തിലാണ് വാസെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഉപമുഖ്യമന്ത്രി അജിത് പവാറിനതിരെയും കത്തില്‍ വെളിപ്പെടുത്തലുണ്ട്.
Read Also : സനുമോഹന് മറ്റൊരു ഭാര്യയും കുട്ടിയും; വൈഗയുടെ മരണത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്
2004 മാര്‍ച്ച് മുതല്‍ സച്ചിന്‍ വാസെ സസ്പെന്‍ഷനിലായിരുന്നു. 2020 ജൂണ്‍ ആറിന് സര്‍വീസില്‍ തിരിച്ചെടുത്തു. ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നതോടെ ശരദ് പവാര്‍ ഇടപെട്ട് വീണ്ടും സസ്പെന്‍ഡ് ചെയ്തു. ഇക്കാര്യം തന്നോട് അനില്‍ ദേശ്മുഖ് നാഗ്പൂരില്‍ നിന്ന് ഫോണില്‍ പറഞ്ഞുവെന്നാണ് വാസെയുടെ മൊഴി. പവാറിനെ പറഞ്ഞ് മനസ് മാറ്റി എല്ലാം ശരിയാക്കാമെന്നായിരുന്നു ദേശ്മുഖിന്റെ വാഗ്ദാനം. എന്നാല്‍, ഒന്നും വെറുതെയല്ല.
രണ്ടുകോടി രൂപ സംഘടിപ്പിച്ചു കൊടുക്കണമെന്നായിരുന്നു ആവശ്യം . ഇത്രയും വലിയ തുക തന്റെ കൈയില്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍, പതിയെ മതിയെന്ന് പറഞ്ഞു.
ക്രിമിനല്‍ ഇന്റലിജന്‍സ് യൂണിറ്റിലെ പോസ്റ്റിംഗ് ആയിരുന്നു തനിക്ക് ദേശ്മുഖ് നല്‍കിയ വാഗ്ദാനമെന്ന് സച്ചിന്‍ വാസെ പറയുന്നു. തുടര്‍ന്ന്, കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ സഹ്യാദ്രി അതിഥിമന്ദിരത്തിലേക്കു തന്നെ വിളിച്ചുവരുത്തിയ ദേശ്മുഖ്, മുംബൈയിലെ 1,650 ബാറുകളില്‍നിന്നും റസ്റ്റൊറന്റുകളില്‍ നിന്നുമായി പണം പിരിക്കാന്‍ ആവശ്യപ്പെട്ടു. അത് തന്റെ കഴിവിനപ്പുറമാണെന്നു പറഞ്ഞ് ആവശ്യം നിരസിച്ചു. പിന്നീട്, കഴിഞ്ഞ ജനുവരിയില്‍ ദേശ്മുഖിന്റെ ഔദ്യോഗികവസതിയില്‍ വിളിച്ചുവരുത്തി ഇതേയാവശ്യം ആവര്‍ത്തിച്ചു. മന്ത്രിയുടെ പേഴ്‌സ്ണല്‍ അസിസ്റ്റന്റ് കുന്ദനും അപ്പോള്‍ അവിടെയുണ്ടായിരുന്നു. ഓരോ ബാറില്‍നിന്നും 3-3.5 കോടി രൂപ പിരിച്ചുനല്‍കാനായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം.
കോഴ വാങ്ങിനല്‍കാന്‍ ഗതാഗതമന്ത്രി അനില്‍ പരബും തന്നോടാവശ്യപ്പെട്ടെന്നു വാസെ കത്തില്‍ ആരോപിക്കുന്നു. അന്വേഷണം നേരിടുന്ന സെയ്ഫീ ബുര്‍ഹാനി അപ്ലിഫ്റ്റ്മെന്റ് ട്രസ്റ്റില്‍നിന്ന് 50 കോടി രൂപ വാങ്ങാനാണു കഴിഞ്ഞ ജൂലൈ-ഓഗസ്റ്റില്‍ പരബ് ആവശ്യപ്പെട്ടത്.
ഇതിനായി തന്നെ പരബിന്റെ ഔദ്യോഗിക വസതിയിലേക്കു വിളിച്ചുവരുത്തി. ട്രസ്റ്റിനെതിരായ ആരോപണം പ്രാഥമികാന്വേഷണത്തില്‍ നിര്‍ത്തിക്കൊണ്ട് ഭാരവാഹികളുമായി വിലപേശാനായിരുന്നു നിര്‍ദ്ദേശം. 50 കോടി രൂപ നല്‍കിയാല്‍ കേസ് അവസാനിപ്പിക്കാമെന്നു പറയാനും നിര്‍ദേശിച്ചു. എന്നാല്‍, ട്രസ്റ്റ് ഭാരവാഹികളെ ആരെയും അറിയില്ലെന്നും അന്വേഷണത്തില്‍ തനിക്കു നിയന്ത്രണമില്ലെന്നും പറഞ്ഞ് കൈമലര്‍ത്തി.
കഴിഞ്ഞ ജനുവരിയില്‍ പരബ് വീണ്ടും തന്നെ വിളിച്ചുവരുത്തി. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനുമായി ബന്ധപ്പെട്ട് 50 കരാറുകാര്‍ക്കെതിരായ അന്വേഷണം ഒതുക്കാന്‍ ഓരോരുത്തരില്‍ നിന്നും രണ്ടുകോടി രൂപ വീതം പിരിച്ചുനല്‍കാനായിരുന്നു ഇക്കുറി നിര്‍ദ്ദേശം. ഊമക്കത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തില്‍ കരാറുകാര്‍ക്കെതിരേ ഒരു തെളിവും കണ്ടെത്താനായില്ലെന്നും വാസെയുടെ കത്തില്‍ പറയുന്നു. ദേശ്മുഖും പരബും കൈക്കൂലി പിരിക്കാന്‍ ആവശ്യപ്പെട്ടെന്ന വിവരം അന്നത്തെ മുംബൈ പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിങ്ങിനെ അറിയിച്ചിരുന്നു. അതു വകവയ്‌ക്കേണ്ടെന്നാണു പരംബീര്‍ പറഞ്ഞത്. സച്ചിന്‍ വാസെ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പ്രതിമാസം 100 കോടി രൂപ പിരിച്ചെടുക്കാന്‍ ശ്രമിക്കുന്നതായി കഴിഞ്ഞമാസം 20-നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കത്തെഴുതി അറിയിച്ചതും പരംബീര്‍ സിങ്ങാണ്. ഇതേത്തുടര്‍ന്നുള്ള വിവാദമാണു ദേശ്മുഖിന്റെ രാജിയിലേക്കു നയിച്ചത്.
2020 നവംബറില്‍ തന്നെ ദര്‍ശന്‍ ഗോഡോവാട്ട് എന്നൊരാള്‍ സമീപിച്ചിരുന്നതായും വാസെ കത്തില്‍ പറയുന്നുണ്ട്. ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വളരെ അടുത്ത ആള്‍ എന്നാണ് പരിചയപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ അനധികൃത ഗുഡ്ക -പുകയില വ്യാപാരത്തെ കുറിച്ചായിരുന്നു സംസാരം. അവരുടെ പക്കല്‍ നിന്ന് 100 കോടി പിരിക്കണമെന്നായിരുന്നു ഡിമാന്‍ഡ്. അത്തരം അനധികൃത കാര്യം ചെയ്യാന്‍ തനിക്കാവില്ലെന്ന് തറപ്പിച്ചു പറഞ്ഞുവെന്ന് വാസെയുടെ കത്തിലുണ്ട്.
Post Your Comments