തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും സംസ്ഥാനത്ത് പൂർത്തിയായി. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനം മുഴുവൻ പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ച് മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പോലീസിനെ വിന്യസിക്കാനാണ് തീരുമാനം. ഞായറാഴ്ച ഇത്തരത്തിൽ പോലീസിനെ വിന്യസിക്കും.
സംസ്ഥാനത്തെ 481 പോലീസ് സ്റ്റേഷനുകളെ 142 ഇലക്ഷൻ സബ്ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. ജില്ലാ പോലീസ് മേധാവിമാരാണ് സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.
24,788 സ്‌പെഷ്യൽ പോലീസ് ഓഫീസർമാർ ഉൾപ്പെടെ 59,292 പോലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുന്നത്. സിവിൽ പോലീസ് ഓഫീസർ, സീനിയർ സിവിൽ പോലീസ് ഓഫീസർ റാങ്കിലുള്ള 34,504 പേരും ഡ്യൂട്ടിക്കുണ്ടാകും.
ലോക്കൽ പോലീസിനു പുറമേ ക്രൈംബ്രാഞ്ച്, വിജിലൻസ്, റെയിൽവേ പോലീസ്, ബറ്റാലിയനുകൾ, ട്രെയിനിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ ഫയർഫോഴ്‌സ്, എക്‌സൈസ്, വനം, മറൈൻ എൻഫോഴ്‌സ്‌മെൻറ്, മോട്ടോർ വാഹനം എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. സി.ഐ.എസ്.എഫ്, സി.ആർ.പി.എഫ്, ബി.എസ്.എഫ് എന്നീ കേന്ദ്രസേനാ വിഭാഗങ്ങളിൽ നിന്നുള്ള 140 കമ്പനി സേനയും തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലുണ്ട്.
പോളിംഗ് ബൂത്തുകൾ സ്ഥിതിചെയ്യുന്ന 13,830 സ്ഥലങ്ങളെ ബന്ധിപ്പിച്ച് 1694 ഗ്രൂപ്പ് പട്രോളിംഗ് ടീമുകൾ ഉണ്ടായിരിക്കും. എട്ടോ പത്തോ സ്ഥലങ്ങളിലുള്ള പോളിംഗ് ബൂത്തുകൾ പരമാവധി 15 മിനിറ്റിനുള്ളിൽ ഒരു ടീമിന് ചുറ്റിവരാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണം. ഓരോ ടീമിലും ഒരു വീഡിയോഗ്രാഫറും ഉണ്ടായിരിക്കും. കൂടാതെ ഓരോ പോലീസ് സ്റ്റേഷനും കേന്ദ്രീകരിച്ച് കേന്ദ്രസേനാംഗങ്ങൾ ഉൾപ്പെട്ട ഒരു ലോ ആൻറ് ഓർഡർ പട്രോൾ ടീം, ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഓരോ ഇലക്ഷൻ സബ്ബ് ഡിവിഷനിലും പ്രത്യേക പട്രോൾ ടീം എന്നിവയും ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ടിട്ടുണ്ട്. നക്‌സൽ ബാധിതപ്രദേശങ്ങളിൽ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും തണ്ടർബോൾട്ടും 24 മണിക്കൂറും നിതാന്ത ജാഗ്രത പുലർത്തും. ഈ പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകൾക്കും പോളിംഗ് ബൂത്തുകൾക്കും പ്രത്യേക സംരക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ ഏത് അടിയന്തര സാഹചര്യവും നേരിടാനായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ 95 കമ്പനി പോലീസ് സേനയും തയ്യാറാണ്.
Read Also: നാലുമാസം കൊണ്ട് 11 കാരൻ റീച്ചാർജ് ചെയ്തത് 28,000 രൂപയ്ക്ക്; ഗെയിം കളിക്കാനെന്ന് വിശദീകരണം
അതിർത്തി ജില്ലകളിലെ കള്ളക്കടത്ത്, മദ്യക്കടത്ത്, ഗുണ്ടകളുടെ യാത്ര എന്നിവ തടയുന്നതിനായി 152 സ്ഥലങ്ങളിൽ ബോർഡർ സീലിംഗ് ഡ്യൂട്ടിയ്ക്കായി പോലീസിനെ നിയോഗിച്ചിട്ടുണ്ട്. പോളിംഗ് ദിവസം ഉൾപ്രദേശങ്ങളിൽ ജനങ്ങൾ കൂട്ടം കൂടുന്നതും വോട്ടർമാരെ തടയുന്നതും കണ്ടെത്താൻ ഡ്രോൺ സംവിധാനം വിനിയോഗിക്കും. ഡ്രോൺ മുഖേന ശേഖരിക്കുന്ന ദൃശ്യങ്ങൾ ഉടൻതന്നെ പോലീസ് പട്രോളിംഗ് പാർട്ടിക്ക് കൈമാറുകയും കുറ്റക്കാരെ പിടികൂടുകയും ചെയ്യും.
പോളിംഗ് ്ഏജന്റുമാർക്ക് സുരക്ഷാ ഭീഷണിയുള്ള പക്ഷം അതാത് സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ വിവരം അറിയിച്ചാൽ അവർക്ക് സംരക്ഷണം നൽകും. പോളിംഗ് ഏജൻറുമാർക്ക് വീട്ടിൽനിന്ന് പോളിംഗ് സ്റ്റേഷനിലേയ്ക്കും തിരിച്ചും യാത്രചെയ്യുന്നതിന് ആവശ്യമെങ്കിൽ പോലീസ് സംരക്ഷണം നൽകും.
ഇരുചക്രവാഹനത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ച സാഹചര്യത്തിൽ ഈ രീതിയിൽ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പോലീസ് വിന്യാസവും സുരക്ഷാ നടപടികളും നിരീക്ഷിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും നൽകുന്നതിനുമായി എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും ഇലക്ഷൻ കൺട്രോൾ റൂം പ്രവർത്തിച്ചുവരുന്നുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
Read Also: ‘പിണറായി നുണയൻ, ഇത്രയും അധ:പതിച്ച ഒരു മുഖ്യമന്ത്രി ഇന്ത്യയിൽ ഉണ്ടായിട്ടില്ല’; കെ. സുധാകരൻ
Post Your Comments