Latest NewsNews

433 പേരുടെ മരണത്തിന് ഉത്തരം പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബാധ്യസ്ഥനാണെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: 2018-ലെ പ്രളയം മനുഷ്യനിര്‍മ്മിതമെന്ന് വ്യക്തമാക്കി വിദഗ്ധസമിതി റിപ്പോര്‍ട്ട്. ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ വിദഗ്ദ്ധര്‍ അക്കൗണ്ടന്റ് ജനറലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് 2018ല്‍ ദുരിതത്തിലാഴ്‌ത്തിയ പ്രളയം സംബന്ധിച്ചുള്ള വിശദമായ പഠനറിപ്പോര്‍ട്ടുള്ളത്. പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചും പരമാവധി രേഖകള്‍ സമാഹരിച്ചുമാണ് ഐഐഎസ്‌സിയുടെ വിദഗ്ധ സംഘം അക്കൗണ്ടന്റ് ജനറലിന് റിപ്പോര്‍ട്ട് നല്‍കിയത്. ഒരു വര്‍ഷത്തെ വിവിധ സമയങ്ങളില്‍ ഡാമുകളില്‍ എത്ര വെള്ളം സംഭരിക്കണം, എത്ര ശൂന്യമാക്കി സൂക്ഷിക്കണം എന്ന് വ്യക്തമാക്കുന്ന റൂള്‍ കര്‍വ് ഡാം മാനേജ്‌മെന്റില്‍ വളരെ പ്രധാനമാണ്.

Also Read:ഈ കസ് കസ് ഒരു കില്ലാടി തന്നെ ; വേനൽകാലത്ത് ശരീരത്തിന് തണുപ്പേകാം

2018-ലെ പ്രളയകാലത്ത് റൂള്‍ കര്‍വ് അടിസ്ഥാനമാക്കിയല്ല ഡാമുകളുടെ പ്രവര്‍ത്തനമോ, വെള്ളം സൂക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളോ കൈകാര്യം ചെയ്തത്. മഴക്കാലത്ത് അധികമായെത്തുന്ന വെള്ളം ഡാമുകളിലെ ഫ്‌ളഡ് കുഷ് എന്ന ഭാഗത്താണ് സംഭരിക്കുന്നത്. ഇടുക്കി ഡാമില്‍ പ്രളയകാലത്ത് ഇത് ഉപയോഗിച്ചിരുന്നില്ല. വെള്ളപ്പൊക്കത്തിന് മുന്നോടിയായി വേണ്ടത്ര മുന്നറിയിപ്പുകള്‍ ജനങ്ങള്‍ക്ക് നല്‍കിയില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിക്കൊണ്ട് തന്നെയാണ് 2018-ലെ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് ഐഐഎസ്സിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് പുറത്തുവന്ന ഈ റിപ്പോര്‍ട്ട് രാഷ്ട്രീയായുധമാക്കി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനൊരുങ്ങുകയാണ് യുഡിഎഫ്. അധികാരത്തിലെത്തിയാല്‍ വിദഗ്ധരുടെ അഭിപ്രായം തേടി, ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അണക്കെട്ടുകള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയാണ് 2018-ലെ പ്രളയത്തിന്റെ കെടുതികള്‍ വര്‍ദ്ധിപ്പിച്ചതെന്ന് കേരള ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറിയും കണ്ടെത്തിയിരുന്നു. എന്നാല്‍ അണക്കെട്ട് ഇല്ലാത്ത പ്രദേശങ്ങളിലും പ്രളയം ഉണ്ടായെന്ന് ന്യായീകരിച്ച്‌ ഇടത് സര്‍ക്കാര്‍ ഈ ആക്ഷേപം തള്ളുകയായിരുന്നു. 433 ജീവനുകള്‍ പൊലിഞ്ഞ, 54 ലക്ഷം പേരെ നേരിട്ട് ബാധിച്ച 2018-ലെ പ്രളയം അങ്ങനെ 2021-ലെ തെരഞ്ഞെടുപ്പ് കാലത്തും വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്. 1924ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷകാലത്ത് ഉയര്‍ന്ന അളവില്‍ മഴ പെയ്തതിന്റെ ഫലമായാണ് വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. അതിശക്തമായ മഴയെത്തുടര്‍ന്ന് മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ അവയുടെ ഷട്ടറുകള്‍ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. ചരിത്രത്തിലാദ്യമായി 54 അണക്കെട്ടുകളില്‍ 35 എണ്ണവും തുറന്നുവിടേണ്ടിവന്നു. 26 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകള്‍ ഒരുമിച്ചു തുറന്നത്.

കനത്ത മഴയിലും പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഏകദേശം 483 പേര്‍ മരിച്ചതായാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. 14 പേരെ കാണാതായി. കാലവര്‍ഷം ശക്തമായ ഓഗസ്റ്റ് 21 ന് 3,91,494 ലക്ഷം കുടുംബങ്ങളില്‍ നിന്നായി 14,50,707 ആളുകള്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ ജിവിക്കേണ്ട അവസ്ഥയിലെത്തി. കേരളത്തിലെ 14 ജില്ലകളിലും അതീവ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പ്രാഥമിക വിലയിരുത്തല്‍ പ്രകാരം ഏകദേശം 40,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് സം സംഭവിച്ചത്.

നിലയ്ക്കാതെ പെയ്ത മഴവെള്ളത്തെ ഉള്‍ക്കൊള്ളുവാന്‍ 41 നദികള്‍ക്കോ അതിലെ 54 ജലസംഭരണികള്‍ക്കോ സാധിച്ചില്ല. ശാന്തസമുദ്രത്തില്‍ രൂപപ്പെട്ട ഷന്‍ഷന്‍, യാഗി എന്നീ ചുഴലിക്കാറ്റുകളും കേരളത്തിലെ കനത്തമഴയെ സ്വാധീനിച്ചിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇടുക്കിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടും ഷട്ടറുകള്‍ തുറക്കാന്‍ വൈകിയതാണ് പെരിയാറിന്റെ തീരങ്ങളെയും കൊച്ചി നഗരത്തിന്റെ ഭാഗങ്ങളെയും പൂര്‍ണമായി ജലത്തിനടിയിലാക്കിയത് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന ശാസ്ത്രീയ കണ്ടെത്തല്‍ അതീവ ഗൗരവതരമെന്ന് യുഡിഎഫ് പറയുന്നു. പ്രളയത്തിന്റെ കാരണങ്ങളെ കുറിച്ചുള്ള ബംഗളൂര ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തലുകള്‍ നിര്‍ണായകമാണ്. 433 പേരുടെ മരണത്തിന് ഉത്തരം പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബാധ്യസ്ഥനാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button