ThiruvananthapuramKeralaNattuvarthaLatest NewsArticleNewsIndiaEditorialWriters' Corner

കേരളത്തിലെ ആഭ്യന്തരം അക്രമികളുടെ അടിമപ്പണി ചെയ്യുന്നു, നോക്കുകുത്തിയായി പോലീസ്: ഇതിലും ഭേദം പുല്ലുവെട്ട്

കഴിഞ്ഞ രണ്ട് മാസത്തിനിടെ തിരുവനന്തപുരത്ത് മാത്രം നടന്നത് 21 ഗുണ്ടാ ആക്രമങ്ങൾ

കേരളം മനുഷ്യന് വാസയോഗ്യമല്ലാത്ത ഭൂപ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രകൃതി ക്ഷോഭങ്ങളെക്കാളും, കാലവസ്ഥാ വ്യതിയാനങ്ങളെക്കാളും വലിയ വെല്ലുവിളി ഉയർത്തിക്കൊണ്ട് ഗുണ്ടാ സംഘങ്ങളും നട്ടെല്ലില്ലാത്ത ആഭ്യന്തരവും ദൈവത്തിന്റെ സ്വന്തം നാട്ടിൽ കൊടികുത്തി വാഴുകയാണ്. തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങളുടെ ജീവന് കൃത്യമായ സംരക്ഷണം പോലും നൽകാനാവാതെ നിശബ്ദമായി ഭരണകൂടം നിൽക്കുമ്പോൾ ഇനിയെങ്ങോട്ട് പോകണമെന്ന സംശയമാണ് ജനങ്ങൾ പ്രകടിപ്പിക്കുന്നത്. നിയമത്തിനും നീതിക്കും അവകാശങ്ങൾക്കും മുകളിൽ രാഷ്ട്രീയ പകയും, പണത്തോടുള്ള അത്യാർത്തിയും വർധിച്ചുകൊണ്ടിരിക്കുമ്പോൾ കൊലപാതകങ്ങളും, അക്രമണങ്ങളും തുടർക്കഥകളാവുകയാണ്.

Also Read:ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ചില വഴികൾ ഇതാ..!

കഴിഞ്ഞ രണ്ട് മാസത്തിനിടെ തിരുവനന്തപുരത്ത് മാത്രം നടന്നത് 21 ഗുണ്ടാ ആക്രമങ്ങളാണ്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പൊലീസിന്‍റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങള്‍ കൂടാൻ കാരണം. ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്ഥത മുതലെടുത്താണ് തലസ്ഥാനത്ത് തന്നെ ഗുണ്ടാ സംഘങ്ങൾ ഇത്രയുമധികം ആക്രമണങ്ങൾ നടത്തുന്നത്. ഗുണ്ടകളെ നിലയ്ക്ക് നിർത്തേണ്ട പൊലിസ് പോലും നോക്കുകുത്തിയായി നിൽക്കുമ്പോൾ ഭീതിയോടെയാണ് ഇവിടെ ഓരോ മനുഷ്യനും ജീവിക്കുന്നത്.

തിരുവനന്തപുരം ബാലരാമപുരത്ത് ലഹരിക്കടിമകളായ യുവാക്കൾ വാഹനങ്ങള്‍ വെട്ടി തകർത്തതിൽ നിന്ന് തുടങ്ങി, നെയ്യാറ്റിൻകര ആറാലുംമൂട്ടില്‍ വീട് കയറി നടത്തിയ ഗുണ്ടാ അക്രമണവും, ബാലരാമപുരം മുക്കംപാലമൂട് ജ്വല്ലറി ഉടമയുടെ വീടിന് നേരെ ഗുണ്ടാ ആക്രമണവും, ഓട്ടോ റിക്ഷയിലും ബൈക്കുകളിലുമെത്തിയ 11 അംഗ ഗുണ്ടാ സംഘം പോത്തൻകോട് സ്വദശി സുധീഷിനെ വെട്ടിക്കൊന്ന് ഇടത് പാദം വെട്ടിമാറ്റി റോഡിലെറിഞ്ഞതും, തുടങ്ങി ഡിസംബറിൽ മാത്രം 21 കേസുകളാണ് തലസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു കേസിൽ പോലും കൃത്യമായ നടപടി സർക്കാർ സ്വീകരിച്ചിട്ടില്ല. ഇത് അക്രമികൾക്ക് വലിയ പ്രോത്സാഹനമാവുകയും ചെയ്തിട്ടുണ്ട്.

മുൻപ് അടയാളപ്പെടുത്തിയ കേസുകളെല്ലാം ചെയ്തത് നമുക്കിടയിലുള്ള ഗുണ്ടകളാണെങ്കിൽ, കിഴക്കമ്പലത്ത് ഭീകരമായ അക്രമം സൃഷ്ടിച്ച് പൊലീസ് വാഹനങ്ങൾ വരെ കത്തിച്ചത് ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു. സ്വദേശീയരേക്കാൾ ധൈര്യത്തോടെയാണ് അവർ പോലീസിനെ ആക്രമിച്ചതും, ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് പോലീസിനുണ്ടാക്കിയതും. എവിടെയാണ് കേരളത്തിന്‌ പിഴച്ചത്, എന്താണ് ഇവിടെയുണ്ടായിരുന്ന സമാധാന അന്തരീക്ഷങ്ങൾക്ക് സംഭവിച്ചത്. ഒരു ഗുണ്ടാ ആക്രമണവും വെറുതെ രൂപപ്പെടുന്നതല്ല, അതിനു പിറകിൽ കൃത്യമായ രാഷ്ട്രീയവും പണവും സ്വാധീനവും ഉണ്ട്. അത് കണ്ടെത്താനോ തെളിയിക്കാനോ ഇത് വരെ പോലീസിന് കഴിഞ്ഞിട്ടില്ല.

സമാധാനവും, സുരക്ഷിതവുമായിരുന്ന ഒരിടം ഇത്രത്തോളം ഭീകരമായതിൽ സർക്കാരിന് വലിയ പങ്കുണ്ട്. കൃതമായി നടപടികൾ എടുക്കാതെ എല്ലാം വീണ്ടും വീണ്ടും എഴുതിത്തള്ളുമ്പോൾ അവിടെ ജനിക്കുന്നത് ഗുണ്ടകളാണ്. എല്ലാ മനുഷ്യർക്കും ഇവിടെ സമാധാനമായി ജീവിക്കണം. അതിനു ആഭ്യന്തരവും, മന്ത്രിയും ജനങ്ങൾക്കിടയിലേക്കും അവരുടെ ഭീതികൾക്കിടയിലേക്കും നോക്കണം. നിങ്ങൾക്ക് ചുറ്റുമുള്ളത് പോലെ ഗൺമാനോ അംഗരക്ഷകരോ ഇവിടെയുള്ള സാധാരണ മനുഷ്യർക്ക് ചുറ്റുമില്ല. അവരെന്നും തനിച്ചാണ്. അവരെന്നും നീതിയിലും നിയമത്തിലുമാണ് അഭയം കാണുന്നത്.

സാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button