കൊല്‍ക്കത്ത: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെപ്പോലെയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെന്ന് ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്. ട്രംപ് യു.എസില്‍ ചെയ്തത് എന്താണോ അതുതന്നെയാണ് മമത ബംഗാളില്‍ ചെയ്യുന്നതെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേര്‍ത്തു. രണ്ടാംഘട്ട വോട്ടെടുപ്പില്‍ നന്ദിഗ്രാമില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘തോല്‍വി ഭയന്ന് അവര്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഡോണള്‍ഡ് ട്രംപ് ചെയ്തതെന്താണോ അതുതന്നെയാണ് മമത ബാനര്‍ജി ചെയ്യുന്നതും. പരാജയം അംഗീകരിക്കാന്‍ പ്രയാസമാണ്. അവര്‍ക്ക് ഭാവിയെക്കുറിച്ച് അറിയാം. അതിനാലാണ് അവര്‍ കഴിഞ്ഞദിവസം പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. രണ്ടുമണിക്കൂറോളം അവര്‍ ഒരു ബൂത്തിന്റെ അകത്തുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ട്രെന്‍ഡ് തീരുമാനിക്കപ്പെട്ട് കഴിഞ്ഞു’ -ദിലീപ് ഘോഷ് പറഞ്ഞു. ബംഗാളിലെ രണ്ടാം ഘട്ട നിയമസഭ വോട്ടെടുപ്പ് നടന്ന വ്യാഴാഴ്ച വ്യാപക അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമില്‍ രണ്ടാംഘട്ടത്തിലായിരുന്നു വോട്ടെടുപ്പ്. വ്യാപക അക്രമങ്ങള്‍ക്കാണ് കഴിഞ്ഞദിവസം നന്ദിഗ്രാം സാക്ഷിയായത്.
Post Your Comments